മകാസാർ: ഓശാനഞായർ കുർബാനയ്ക്കിടെ ഇന്തോനേഷ്യയിലെ കത്തീഡ്രലിൽ ചാവേർ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനയിൽ അംഗങ്ങളായ ദന്പതികൾ.
മകാസാറിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രലിൽ നടന്ന ആക്രമണത്തിൽ 20 പേർക്കു പരിക്കേറ്റിരുന്നു. കത്തീഡ്രലിന്റെയും സമീപമുള്ള കെട്ടിടങ്ങളുടെയും ജനലുകൾ തകർന്നു.
മകാസാർ സ്വദേശികളായ ലുക്മാൻ, ദേവി എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഇവരുടെ അയൽവാസികൾ തിരിച്ചറിഞ്ഞു. 23ഉം 26ഉം വയസ് പ്രായമുള്ളവരാണു ദന്പതികൾ.
ആറു മാസം മുന്പാണ് ഇവർ വിവാഹിതരായത്. കത്തീഡ്രലിലേക്കു പ്രവേശിക്കാൻ ശ്രമിച്ച ദന്പതികളെ സുരക്ഷാ ഗാർഡുകൾ തടയുകയായിരുന്നു.
തുടർന്ന് പ്രഷർകുക്ക് ബോംബ് ഉപയോഗിച്ചു നടത്തിയ സ്ഫോടനത്തിൽ ഇരുവരും കൊല്ലപ്പെട്ടു. ഉഗ്രസ്ഫോടനം ലക്ഷ്യമിട്ടായിരുന്നു പ്രഷർകുക്കർ ബോംബ് ഉപയോഗിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജമാ അൻഷാറുത്ത് ദൗള എന്ന സംഘടനയിലെ അംഗങ്ങളാണ് ദന്പതിമാർ.
2019ൽ ഫിലിപ്പീൻസിലെ സുലു ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിൽ 23 പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണവുമായി ബന്ധമുള്ളവരാണ് മകാസാറിൽ ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി ഇന്തോനേഷ്യൻ നാഷണൽ പോലീസ് ചീഫ് ലിസ്റ്റ്യോ സിജിറ്റ് പ്രബോവോ പറഞ്ഞു.
ചാവേറുകളുമായി ബന്ധമുള്ള നാലു ഭീകരരെ ഇന്തോനേഷ്യൻ പോലീസിന്റെ ഭീകരവിരുദ്ധ സംഘമായ ഡെൻസസ് 88 ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ജമാ അൻഷാറുത്ത് ദൗള ഇന്തോനേഷ്യയിൽ നിരവധി ചാവേർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
2018ൽ ഇന്തോനേഷ്യൻ നഗരമായ സുരബായയിലെ മൂന്നു കത്തോലിക്കാ പള്ളികളിൽ ആക്രമണം നടത്തിയത് ജമാ അൻഷാറുത്ത് ദൗളയായിരുന്നു. 15 നാട്ടുകാരും 13 ചാവേറുകളും അന്ന് കൊല്ലപ്പെട്ടു.
2019ൽ ഫിലിപ്പീൻസിലെ ജോലോ കത്തീഡ്രലിൽ ജമാ അൻഷാറുത്ത് ദൗള നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.