തലശേരി: സന്പന്നരായ സ്ത്രീകളെ ലക്ഷ്യമിട്ടു സംസ്ഥാന വ്യാപകമായി ശൃംഖലകളുള്ള മെയില്‍ സെക്സ് സർവീസ് സംഘം പിടിമുറുക്കിയതായി പോലീസ്.
കേരള കേഡറിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറുടെ അടുത്ത സുഹൃത്തിന്റെ ഭാര്യയ്ക്കു സേവനം വേണോയെന്നു ചോദിച്ചു കൊണ്ടെത്തിയ വാട്സ് അപ്പ് സന്ദേശത്തെത്തുടര്‍ന്ന് പോലീസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയില്‍ സെക്സ് സര്‍വീസ് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്.
നിയമത്തിന്റെ പഴുതുകളടച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം സംസ്ഥാനത്ത് ഉടനീളം നിരവധി സ്ത്രീകളെ വലയിലാക്കിയതായി പോലീസ് പറയുന്നു.
ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളും ഭര്ത്താക്കന്മാര് വിദേശത്തുള്ള സ്ത്രീകളും ഉന്നത സ്ഥാനങ്ങളില്‍ വലിയ ശമ്പളത്തിനു ജോലി ചെയ്യുന്ന സ്ത്രീകളുമാണ് ഈ സംഘത്തിന്റെ പ്രലോഭനത്തിൽ വീണിട്ടുള്ളത്.
ആദ്യം വാട്ട്സ് ആപ് സന്ദേശം
ഇരകളെ കണ്ടെത്തിക്കഴിഞ്ഞാൽ എന്തെങ്കിലും സേവനം ആവശ്യമുണ്ടോയെന്ന് ആരാഞ്ഞുകൊണ്ടുള്ള വാട്സ് അപ്പ് സന്ദേശമാണ് ആദ്യം എത്തുക. തീര്‍ത്തും പെയ്ഡ് സര്‍വീസാണെന്നും എല്ലാം രഹസ്യമായിരിക്കുമെന്ന ഉറപ്പും പിന്നാലെ എത്തും. രോഗങ്ങളൊന്നുമില്ലെന്ന ഉറപ്പാക്കികൊണ്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി കൊണ്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
നല്ല ആരോഗ്യമുള്ള സൗന്ദര്യമുള്ള യുവാക്കളാണ് ഈ സംഘത്തിലുള്ളത്. സംഘത്തിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പ്രത്യേക ഏജന്‍സിയും പ്രവർത്തിക്കുന്നുണ്ട്.
വലയിൽ വീഴുന്ന ഇരകൾക്കു യുവാക്കളുടെ ഫോട്ടോ അയച്ചു നല്കിയ ശേഷം തുക പറഞ്ഞ് ഉറപ്പിക്കുകയാണ് പതിവ്. വിദേശത്തുനിന്നു വയാഗ്രയുള്പ്പെടെയുള്ള ഉത്തേജക മരുന്നുകളും ഈ സംഘം ഉപയോഗിക്കുന്നുണ്ട്.
അരലക്ഷം വരെ
കൊച്ചിയില്‍ മാത്രം ഈ സംഘത്തില്‍ 15 യുവാക്കളാണുള്ളത്. ഒരു മണിക്കൂറിന് 5000 രൂപ മുതല്‍ ഒരു ദിവസത്തേക്ക് അരലക്ഷം രൂപ വരെയാണ് പണം ഈടാക്കുന്നത്. കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന സ്ഥലത്തു യുവാക്കള്‍ സേവനവുമായി എത്തും. കേരളത്തിൽ എവിടെയും എത്തും. ദൂരം കൂടുന്നതിനനുസരിച്ചു ടാക്സി ചാര്‍ജും ഈടാക്കും.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, പത്തംനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഈ സംഘം ഇപ്പോള്‍ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘത്തിനായി വിപുലമായ ഏജന്റുമാരും രംഗത്തുണ്ട്. പല കുത്തക കമ്പനികളിലും അതീവ രഹസ്യമായി ഈ സംഘത്തിന്റെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇരകളെ കണ്ടെത്താനും വീഴ്ത്താനും ഇവർക്കു പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്. നിയമപരമായി തെറ്റില്ലെന്ന വാദത്തോടെയാണ് സംഘം ഇരകളെ സമീപിക്കുന്നത്. വാട്സ് അപ്പുകളിലൂടെ നടത്തുന്ന ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ സ്വകാര്യതയുടെ ഭാഗമായതിനാല്‍ നിയമപരമായ പരിരക്ഷയും ഉണ്ടെന്നാണ് സംഘം പോലീസിനു നല്കിയ മൊഴികളില്‍ പറഞ്ഞിട്ടുള്ളത്.
ഇരകളെ വീഴ്ത്താൻ
പാശ്ചാത്യ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള പഠനങ്ങളും വിവരങ്ങളും ഇരകളെ വീഴ്ത്താൻ ഉപയോഗിക്കുന്നുണ്ട്.
ആദ്യമൊക്കെ നിരസിക്കുന്ന പലരും പിന്നീട് ഈ സംഘത്തിന്റെ കെണിയിൽ വീഴുന്നതായും പോലീസിനു സൂചനയുണ്ട്. അതേസമയം, ഇതു വളരെ അപകടസാധ്യതയുള്ള ഏർപ്പാടാണെന്നും പോലീസ് വിലയിരുത്തുന്നു.
ഇത്തരം സംഘങ്ങളിൽ ഉൾപ്പെടുന്നവർ ഈ ഉപയോഗിച്ചു സ്ത്രീകളെ ചൂഷണം ചെയ്യാനും ബ്ലാക്ക് മെയിൽ ചെയ്യാനുമുള്ള സാധ്യതയേറെയാണന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരം സംഘങ്ങളുടെ കെണികളിൽ വീഴുന്ന ഉയർന്ന വനിതാ ഉദ്യോഗസ്ഥരെ ബ്ലാക്ക് മെയിൽ ചെയ്തു പിന്നീടു വിവരങ്ങൾ ചോർത്താനും പണം വാങ്ങിച്ചെടുക്കാനുമൊക്കെയുള്ള സാധ്യതയുണ്ടെന്നു പോലീസ് വിലയിരുത്തുന്നു.
അതിനാൽ താത്കാലിക സന്തോഷത്തിനു വേണ്ടി ഇത്തരം സംഘങ്ങളുടെ പിന്നാലെ പോയാൽ വലിയ കെണിയായി മാറാമെന്നും പോലീസ് സ്ത്രീകൾക്കു മുന്നറിയിപ്പ് നൽകുന്നു.