കാളികാവ്: അധ്യാപകരിൽ നിന്നു പണം തട്ടിയെടുത്തു ഒളിവിൽ പോയ ദന്പതിമാർ പത്തു വർഷത്തിനു ശേഷം പിടിയിൽ.
പോത്തുകൽ സ്വദേശികളായ കൊച്ചുപറന്പിൽ ലീലാമ്മ സക്കറിയ(52), ചേലക്കൽ സക്കറിയ ലൂക്കോസ്(56) എന്നിവരാണ് പിടിയിലായത്.
ഡൽഹി ഉത്തർപ്രദേശ് അതിർത്തി ഗ്രാമമായ ഗാസിയാബാദിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി രൂപീകരിച്ച കാളികാവ് പോലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
പുല്ലങ്കോട് ഗവണ്മെന്റ് ഹൈസ്കൂളിലെ അനധ്യാപികയായ ലീലാമ്മ സക്കറിയ ലൂക്കോസുമായി ചേർന്നാണ് സ്കൂളിലെ അധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്തത്.
2011 ലാണ് കേസിനാസ്പദമായ സംഭവം. ഇരുവരും ചേർന്നു അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് അധ്യാപകരിൽ നിന്നു പണ സമാഹരണം നടത്തി.
പണത്തിനു പുറമെ അധ്യാപികമാരിൽ നിന്നു 50 പവനോളം സ്വർണാഭരണങ്ങളും ഇരുവരും കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോൾ ദന്പതിമാർ കടന്നു കളയുകയാണുണ്ടായത്.
മലപ്പുറം പോലീസ് മേധാവി സുജിത്ദാസ്, നിലന്പൂർ ഡിവൈഎസ്പി മുഹമ്മദ് ഷരീഫ് എന്നിവരുടെ നിർദേശ പ്രകാരം കാളികാവ് ഇൻസ്പെകർ ജോഷി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
അന്വേഷണത്തിലെ ഉദ്യോഗസ്ഥരായ കെ.ടി ആഷിഫലി, സാനിർ പുതുക്കുടി എന്നിവരാണ് ഗാസിയാബാദിൽ നിന്നു ഇരുവരെയും അറസ്റ്റ് ചെയ്ത് കാളികാവിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.