ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്ശൻ കൂപ്പണ് വിതരണത്തിനായി താഴെ തിരുപ്പതിയിൽ സജ്ജമാക്കിയ കൗണ്ടറിൽ ഇന്നലെ രാത്രിയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. 20 പേരുടെ പരിക്ക് ഗുരുതരമാണ്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
മരിച്ച ആറു പേരിൽ അഞ്ച് പേരും സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), കർണാടക ബെല്ലാരി സ്വദേശിനി നിർമല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്.
ഇന്നു പുലർച്ചെ മുതലാണ് വൈകുണ്ഠ ഏകാദശിക്കുവേണ്ടിയുള്ള കൗണ്ടറുകളിൽ കൂപ്പൺ വിതരണം തുടങ്ങേണ്ടിയിരുന്നത്. 1,20,000 കൂപ്പണുകൾ വിതരണം ചെയ്യാൻ 94 കൗണ്ടറുകൾ തയാറാക്കിയിരുന്നു. ഇന്നലെ രാവിലെ മുതൽതന്നെ ഇവിടെ ആളുകൾ ക്യൂവിൽ നിൽക്കാനായി എത്തി. എന്നാൽ ഇവരെ ക്യൂവിലേക്ക് അധികൃതർ കടത്തി വിട്ടിരുന്നില്ല.
ഇതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന ഒരു സ്ത്രീക്കു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഇവരെ പുറത്തേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ തിക്കും തിരക്കുമായി. ഇതു നിയന്ത്രിക്കാൻ മാത്രമുള്ള പോലീസ് ഈസമയം അവിടെയുണ്ടായിരുന്നില്ല. തിരക്കിനിടെ താഴെ വീണ ആളുകള്ക്കു മുകളിലുടെ മറ്റുള്ളവർ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്റെ വ്യാപ്തി കൂടി.
അപകടത്തെ തുടര്ന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാത്രിതന്നെ അടിയന്തരയോഗം ചേര്ന്നു സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചിച്ചു.