സംവിധായകന് ജൂഡ് ആന്റണിക്ക് ഇപ്പോള്‍ സ്ഥിരം പണികിട്ടലാണ്. സോഷ്യല്‍മീഡിയയില്‍ ഓരോരോ പോസ്റ്റുകളിട്ടാണ് സ്ഥിരം പണി വാങ്ങിയിരുന്നത്. ഇപ്പോള്‍ കൊച്ചിയിലെ പ്രമുഖ കൊറിയര്‍ കമ്പനിയാണ് യുവസംവിധായകന് പണി കൊടുത്തത്. ഡല്‍ഹിക്ക് അയയ്ക്കേണ്ട വളരെ പ്രധാനപ്പെട്ട ഫയലുകളിലൊന്നാണ് കൊറിയര്‍ കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മ മൂലം ജൂഡിന് ലക്ഷ്യസ്ഥാനത്തെത്തിക്കാതെ പോയത്.
നിശ്ചിത സമയത്തിനുള്ളില്‍ എത്തേണ്ട പ്രധാന രേഖകളടങ്ങിയ കൊറിയറാണ് ഇടയ്ക്ക് വെച്ച് അപ്രത്യക്ഷമായത്. തന്റെ തന്നെ സിനിമയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കൊറിയര്‍ ഡല്‍ഹിയിലേക്ക് അയക്കാന്‍ ആലുവ ഡിഎച്ച്എല്‍ കൊറിയര്‍ ഓഫീസില്‍ എത്തിയതായിരുന്നു ജൂഡ്. കൊറിയര്‍ ഏല്‍പ്പിച്ച് ജൂഡ് മടങ്ങുകയും ചെയ്തു. പിന്നീട് ഇതിന്റെ സ്റ്റാറ്റസ് അന്വേഷിക്കാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ കമ്പനിയുടേതായി കൊടുത്തിരിക്കുന്ന നമ്പര്‍ തെറ്റ്.
രണ്ടുദിവസം കഴിഞ്ഞും യാതൊരു വിവരവുമില്ലാത്തതിനാല്‍ കൊറിയര്‍ ഓഫീസില്‍ നേരിട്ടെത്തി. അപ്പോള്‍ അവര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. അങ്ങനെയൊരു കൊറിയറും ഇവര്‍ കണ്ടിട്ടില്ല. കൊറിയര്‍ അയക്കാനെത്തിയ ഒരാള്‍ ഫയലിനോടൊപ്പം അബദ്ധവശാല്‍ എടുത്തുകൊണ്ടുപോയെന്നാണ് പിന്നീടുള്ള അന്വേഷണത്തില്‍ മനസിലായത്. എന്തായാലും കേടുപാടൊന്നും കൂടാതെ കൊറിയര്‍ ജൂഡിന് തിരിച്ചു കിട്ടിയിട്ടുണ്ട്. കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജൂഡ്.