കോട്ടയം: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കു നേരേ കുരുമുളക് സ്പ്രേ അടിച്ച് പണം തട്ടിയെടുത്ത പ്രതികൾ ഒളിവിൽ കഴിഞ്ഞത് കാറിൽ. ഒരു മാരുതി കാറിലാണ് പ്രതികൾ മൂന്നു ദിവസം തങ്ങിയത്. ഏറ്റുമാനൂർ, അതിരന്പുഴ , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ കാറിൽ കറങ്ങി നടക്കുകയായിരുന്ന പ്രതികളെ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.
തിരുവാർപ്പ് സ്വദേശി ബാദുഷ, സുഹൃത്ത് അഖിൽ എന്നിവരാണ് പിടിയിലായത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു പ്രതികളിൽ ഒരാളായ അഖിലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഇയാൾക്ക് അസുഖമൊന്നും ഇല്ലെന്നും കഞ്ചാവ് ലഹരിയുടെ അസ്വസ്ഥതയാണെന്നും കണ്ടെത്തി. ഇന്നു ഡിസ്ചാർജ് ചെയ്യുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടു പേരെയും കോടതിയിൽ ഹാജരാക്കും.
തിങ്കളാഴ്ച ഉച്ചയ്ക്കു 12നു രണ്ടംഗസംഘം തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബ്ലീസ് എന്ന കൊറിയർ സർവീസ് സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ ആക്രമണം നടത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോവുകയായിരുന്നു. തട്ടിയെടുത്ത പണത്തിൽ 80,000 രൂപ പ്രതികൾ സഞ്ചരിച്ച കാറിൽ നിന്ന് കണ്ടെടുത്തു. ബാക്കി പണം മദ്യവും ഭക്ഷണവും വാങ്ങാനാണ് ഉപയോഗിച്ചത്.
പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതികൾ ഇതാദ്യമാണ് കുരുമുളക് സ്പ്രേയടിച്ച് കവർച്ച നടത്തുന്നത്. ബാദുഷയെ കാപ്പ നിയമ പ്രകാരം അകത്താക്കിയതാണ്. പ്രതികളെ കണ്ടെത്താൻ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്.