കോട്ടയം: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കു നേരേ കുരുമുളക് സ്പ്രേയടിച്ച് പണം തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ വൻ സംഘമെന്ന് പോലീസ്. മൂന്നു പേരാണ് പണം തട്ടലിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇവരെ ഇന്നു വൈകുന്നേരം അറസ്റ്റു ചെയ്യാനാണ് സാധ്യത. വൻ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ നടന്നതെന്ന് പോലീസ് പറയുന്നു.
നഗരത്തിൽ തട്ടുകട നടത്തുന്ന ചിലരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഇവരിപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. മൂന്നു ദിവസം മുൻപ് ഒരു രഹസ്യ കേന്ദ്രത്തിലിരുന്നാണ് പണം തട്ടിയെടുക്കാനുള്ള പദ്ധതി തയാറാക്കിയത്. സംഭവത്തിനു ശേഷം പ്രതികളെ ഒളിപ്പിച്ചതും പിന്നിലുള്ളവർ തന്നെ. കൊറിയർ സ്ഥാപനത്തിൽ നിന്ന് പണം ത്ട്ടിയെടുത്തതിന് പിടിയിലായവരുടെ മൊബൈൽ ഫോണിൽ നിന്ന് മറ്റു മൂന്നു പേരുടെയും നന്പരുകൾ പോലീസിന് ലഭിച്ചു.
സംഭവത്തിനു മുൻപും ശേഷവും ഇവരുമായി പ്രതികൾ ബന്ധപ്പെട്ടതിന് തെളിവുണ്ട്. ഇതോടെ പിന്നിൽ കളിച്ചവർ കുടുങ്ങുമെന്നു തന്നെയാണ് സൂചന. രാത്രിയുടെ മറവിൽ നഗരത്തിൽ നടക്കുന്ന ചില ഓപ്പറേഷനുകളുടെ വിവരങ്ങളും പുറത്തുവരും. ചില അധോലോക പ്രവർത്തനങ്ങൾ വരെ കോട്ടയം നഗരത്തിൽ നടക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
തിങ്കളാഴ്ച ഉച്ചയ്ക്കു 12നു രണ്ടംഗസംഘം തിരുനക്കര പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബ്ലീസ് എന്ന കൊറിയർ സർവീസ് സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ ആക്രമണം നടത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോവുകയായിരുന്നു.
തട്ടുകടക്കാരായ മൂന്നു പേരാണ് കൊറിയർ സ്ഥാപനത്തിൽ പണമുള്ള വിവരം പ്രതികളെ അറിയിച്ചത്. അത് എങ്ങനെ തട്ടിയെടുക്കണമെന്നും രഹസ്യ കേന്ദ്രത്തിൽ വച്ച് വിവരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കുരുമുളക് സ്പ്രേയുമായി എത്തി കൊള്ളയടിച്ചത്.
പണം തട്ടിയെടുത്തതിന് അറസ്റ്റിലായ തിരുവാർപ്പ് സ്വദേശി ബാദുഷ, സുഹൃത്ത് അഖിൽ എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കൊറിയർ സ്ഥാപനത്തിൽ ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ജീവനക്കാർ തിരിച്ചറിഞ്ഞു. വെസ്റ്റ് സിഐ എം.ജെ. അരുണ്, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.