പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് ആരംഭിക്കുന്നു. ഇതിനുള്ള നടപടികൾ യൂണിറ്റ് തലത്തിൽ ഒരുക്കുവാൻ കമേഴ്സ്യൽ വിഭാഗം ജനറൽ മാനേജർ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്കി.
ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് ആരംഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കെഎസ്ആർടിസി കൊറിയർ സർവീസ് നടത്തിയിരുന്നു.
അധികവരുമാനം നേടുന്നതിന് പകരം അത് നഷ്ടത്തിൽ കലാശിക്കുകയും സ്വാഭാവിക അന്ത്യം സംഭവിക്കുകയുമായിരുന്നു.കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസിനായി എല്ലാ യൂണിറ്റുകളിലും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഫ്രണ്ട് ഓഫീസായി സജ്ജീകരിക്കാനാണ് നിർദ്ദേശം.
കൊറിയറുകളും പാഴ്സലുകളും സുരക്ഷിതമായി സൂക്ഷിക്കാനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം. കൊറിയർ വിഭാഗം ജീവനക്കാർക്ക് ജോലി ചെയ്യാനാവശ്യമായ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ത്രാസ് എന്നിവപ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ക്രമീകരണങ്ങളും ചെയ്തു കൊടുക്കേണ്ടത് യൂണിറ്റ് മേധാവിയുടെ ചുമതലയാണ്.
കൊറിയറും പാഴ്സലുകളും കൈകാര്യം ചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് ഇൻസെന്റീവ് നല്കാനും തീരുമാനമുണ്ട്.വൈവിധ്യവത്ക്കരണത്തിലൂടെ വരുമാനംകണ്ടെത്തുന്നതിനായി ആരംഭിച്ച വീൽസ് ഓൺ സെയിൽസ് , സ്ഥാപനങ്ങൾക്ക് ബസ് വാടകയ്ക്ക് കൊടുക്കൽ (ബോണ്ട് സർവീസ് )തുടങ്ങിയ പല പദ്ധതികളും പരാജയത്തിൽ കലാശിക്കുകയായിരുന്നു എന്നതും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.