ഈരാറ്റുപേട്ട: മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തെലുങ്കാന സ്വദേശി പോലീസ് പിടിയിൽ. തെലുങ്കാന സ്വദേശിയായ പ്രശാന്ത് കുമാറി(38)നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കന് മുംബൈയിലെ കൊറിയർ കമ്പനിയിൽനിന്നാണെന്നു പറഞ്ഞ് ഇയാളുടെ പേരില്‍ തായ്വാനിലേക്ക് അയച്ച പാഴ്സലിൽ എംഡിഎംഎയും പാസ്പോർട്ടും ലാപ്ടോപ്പും ഉള്ളതിനാൽ ഇയാൾക്കെതിരേ മുംബൈയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്.
തുടർന്ന് വ്യാജ സ്കൈപ്പ് ഐഡിയിൽനിന്നു മുംബൈ പോലീസിൽനിന്നാണെന്നുപറഞ്ഞ് വിളിക്കുകയും അറസ്റ്റ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണകളായി 7,26,943 രൂപ തട്ടിയെടുക്കുകയായിരുന്നു.
മധ്യവയസ്കന്റെ പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രശാന്ത് കുമാറിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി.
തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ തെലുങ്കാനയിൽനിന്നു പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.