കൊച്ചി: യുവതിക്ക് വന്ന കൊറിയറില്‍ മയക്കുമരുന്നുകളും കംപ്യൂട്ടറും വ്യാജ പാസ്പോര്‍ട്ടും ഉള്ളതിനാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു പറഞ്ഞ് 5.16 കോടി രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം കലൂര്‍ സ്വദേശിനിയായ യുവതിക്കാണ് കോടികള്‍ നഷ്ടമായത്.
ജൂണ്‍ 25 ന് രാവിലെ പത്തിനാണ് യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് ഡിഎച്ച്എല്‍ കൊറിയറില്‍ നിന്നാണെന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍ വന്നത്.
പരാതിക്കാരിയുടെ പേരില്‍ അയച്ച കൊറിയറില്‍ മയക്കുമരുന്നുകളും കംപ്യൂട്ടറും വ്യാജ പാസ്പോര്‍ട്ടും ഉള്ളതിനാല്‍ സാമ്പത്തിക കുറ്റകൃത്യം ആയതിനാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് അറിയിക്കുന്നു. തുടര്‍ന്ന് മുംബൈ പോലീസിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ശേഷം പരാതിക്കാരിക്ക് എതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും അതിനാല്‍ ബാങ്ക് അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും അവര്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കണമെന്ന് അറിയിക്കുകയുമായിരുന്നു.
ഇതില്‍ വിശ്വസിച്ച് പരാതിക്കാരി ജൂണ്‍ 26 മുതല്‍ 29 വരെയുള്ള കാലയളവില്‍ നാല് ബാങ്ക് അക്കൗണ്ടുകളില്‍നിന്നും എസ്ബിഐ യോനോ ആപ്ലിക്കേഷൻ വഴിയായും പല തവണകളായി 5.16 കോടി രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു.
പിന്നീട് താന്‍ ചതിയില്‍പ്പെട്ടു മനസിലാക്കിയ യുവതി ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്കി. ബിഎന്‍എസ് സെക്ഷന്‍ 316(2), 318 (4) പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.