കോട്ടയം: സംശയത്തിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണമെന്ന് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ വിധിച്ചു.
ഇവരോടൊപ്പം മകളുടെ മകനെ വെട്ടിപരിക്കേൽപ്പിച്ചതിന് അഞ്ച് വർഷം ശിക്ഷയും ഇരുപതിനായിരം രൂപയും പിഴ അടയ്ക്കണം.
പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി ശിക്ഷ കൂടുതൽ അനുഭവിക്കണം. ശിക്ഷകൾ ഒരേസമയം അനുഭവിച്ചാൽ മതി.
2018 ഏപ്രിൽ എഴിനു പുലർച്ചെ 2.30നായിരുന്ന കേസിനാസ്പദമായ സംഭവം. പേരൂർ പൂവത്തുംമൂട്ടിൽ ഇടയാടിമാലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മേരി മാത്യു(67)വാണു കൊല്ലപ്പെട്ടത്.
ഭർത്താവ് മാത്യു ദേവസ്യ(71) യാണു പ്രതി. ഇടുക്കി സ്വദേശികളായ ഇവർ കുടുംബസമേതം മകളോടൊപ്പം പേരൂരുള്ള വീട്ടിലായിരുന്നു താമസം.
സംഭവദിവസം രാത്രിയിൽ ഉറങ്ങുകയായിരുന്ന മേരിയെ സംശയത്തിന്റെ പേരിൽ മാത്യു വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ഈ സമയം ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന മകളുടെമകൻ എട്ട് വയസുകാരൻ റിച്ചാർഡിന്റെ തലയ്ക്കും വെട്ടിയിരുന്നു.
വെട്ടേറ്റു കട്ടിലിനടിയിൽ ഒളിച്ച കുട്ടിയുടെ മുന്നിലിട്ടാണു മേരിയെ കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ ഏക ദൃക്സാക്ഷിയായ കുട്ടിയുടെ മൊഴി കേസിൽ നിർണായകമായി. മകളും മരുമകനും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരുന്നു.
ഏറ്റുമാനൂർ സിഐയായിരുന്ന എ.ജെ. തോമസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സതീഷ് ആർ. നായർ ഹാജരായി.