ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിക്കുകയും പാന്റിന്റെ സിപ്പ് തുറക്കുകയും ചെയ്യുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. പോക്സോ കേസിലെ മറ്റൊരു വിധിയിലൂടെ വിവാദത്തിലായ നാഗ്പൂർ ബെഞ്ചിൽനിന്നാണ് ഈ വിധിയും.
പോക്സോ കേസിലെ പ്രതിയായ 50-കാരൻ സെഷൻസ് കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജനുവരി 15-ന് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാവാത്ത പെണ്കുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നത് പോക്സോ നിയമ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന് ഉത്തരവിട്ട ജസ്റ്റീസ് പുഷ്പ ഗനേഡിവാല തന്നെയാണ് ഈ വിധിയും പുറപ്പെടുവിച്ചത്.
സെഷൻസ് കോടതി കഴിഞ്ഞ ഒക്ടോബറിൽ പോക്സോ നിയമപ്രകാരം ലിബ്നസ് കുജുർ എന്ന അമ്പതുകാരന് അഞ്ച് വർഷം തടവാണ് ശിക്ഷിച്ചത്. എന്നാൽ ഇയാൾക്കെതിരെ ചുമത്തിയ പോക്സോ നിയമത്തിലെ എട്ട്, പത്ത് സെക്ഷൻ പ്രകാരമുള്ള കുറ്റങ്ങൾ റദ്ദാക്കിയ കോടതി ഇതുവരെ അനുഭവിച്ച ജയിൽ ശിക്ഷ പരിഗണിച്ച് വെറുതെവിട്ടു.
പെൺകുട്ടിക്ക് നേരേ അതിക്രമം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയത് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞെങ്കിലും ലൈംഗികാതിക്രമം നടന്നുവെന്ന് സ്ഥാപിക്കാനായില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമം നടന്നുവെന്ന് പറയണമെങ്കിൽ ശാരീരികമായ ബന്ധം വേണമെന്നും കോടതി നിരീക്ഷിച്ചു.
പ്രതി ഇരയുടെ കൈയിൽ പിടിച്ചിരിന്നെന്നും പാന്റിന്റെ സിപ്പ് തുറന്നിരിന്നെന്നും സാക്ഷി (ഇരയുടെ അമ്മ) മൊഴി ലൈംഗീകാതിക്രമത്തിന്റെ നിർവചനത്തിൽ വരില്ലെന്ന് കോടതി പറഞ്ഞു.
പ്രതിക്കെതിരേ പോക്സോ നിയമത്തിലെ എട്ട്, പത്ത് വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ റദ്ദാക്കിയെങ്കിലും കേസിലെ മറ്റുവകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. മറ്റുവകുപ്പുകൾ പ്രകാരമുള്ള ശിക്ഷയായി പ്രതി ഇതിനോടകം അഞ്ച് മാസം തടവ് അനുഭവിച്ചിട്ടുണ്ടെന്നും അതിനാൽ മറ്റുകേസുകളില്ലെങ്കിൽ പ്രതിയെ മോചിപ്പിക്കാമെന്നും കോടതി പറഞ്ഞു.
2018 ഫെബ്രുവരി 12-നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. ജോലികഴിഞ്ഞ് താൻ വീട്ടിലെത്തിയപ്പോൾ പ്രതി മകളുടെ കൈകളിൽ പിടിച്ച് പാന്റിന്റെ സിപ് തുറന്നനിലയിലാണ് കണ്ടതെന്നാണ് അമ്മയുടെ മൊഴി.
പ്രതി മകളോട് കിടക്കയിലേക്ക് വരാനും കൂടെകിടക്കാനും ആവശ്യപ്പെട്ടെന്നും ഇവരുടെ മൊഴിയിലുണ്ടായിരുന്നു.