സ്വന്തം ലേഖകൻ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും, നാലു യുവതികളെയും ഒറീസയിൽനിന്നു കേരളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒറീസക്കാരനായ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി.
ഒറീസയിലെ റായ്ഗഡ് സ്വദേശി അർജുൻ കിലകയുടെ (24) ജാമ്യാപേക്ഷയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളിയത്.കഴിഞ്ഞ മാസം പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ധൻബാദ് – ആലപ്പി എക്സ്പ്രസ്സ് ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതിയേയും കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെയും നാലു സ്ത്രീകളെയും കണ്ട് സംശയംതോന്നിയ റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ഹെൽപ്പ് ഡെസ്ക്ക് കോ – ഓർഡിനേറ്ററായ അഖില ഇവരെ ചോദ്യം ചെയ്ത് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ ആധാർ കാർഡിലെ പ്രായം തിരുത്തിയതായി കണ്ടെത്തിയത്.
തുടർന്ന് കോ - ഓർഡിനേറ്റർ പോലീസിൽ വിവരമറിയിക്കുകയും തൃശൂർ റെയിൽവേ പോലീസ് സ്റ്റേഷൻ എസ്ഐ കെ.സി. രതീഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുകയും ചെയ്തു. പെണ്‍കുട്ടികളെ സ്ത്രീകളെ പാർപ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി.
വീട്ടുജോലിക്ക് പെണ്‍കുട്ടികളെ കൊണ്ടുവന്ന് അവരെ ചൂഷണം ചെയ്ത് സാന്പത്തികലാഭം ഉണ്ടാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് മാഫിയയിലെ കണ്ണിയാണ് പ്രതിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഒറീസക്കാരനായ പ്രതിക്ക് ജാമ്യം നൽകിയാൽ ഒളിവിൽ പോകുന്നതിനും, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും ഇടയുണ്ടെന്നും ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു വാദിച്ചു.
കേസന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ യാതൊരു കാരണവശാലും ജാമ്യമനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.