സ്വകാര്യത മൗലികാവകാശം; സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്നും അത് നിഷേധിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഒന്പതംഗ ഡിവിഷൻ ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. 1954ലെയും 1962ലെയും സുപ്രീം കോടതിയുടെ വിധികൾ ഇതോടെ അസാധുവായി.

സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണ്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്‍റെ ഭാഗമാണെന്നും സുപ്രീം കോടതി വിധിച്ചു.ഈ വിധിയോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതടക്കമുള്ള വിഷയങ്ങൾ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

സുപ്രീം കോടതിയുടെ മുൻകാലത്തെ വിധികൾ അനുസരിച്ച് ആധാർ വിഷയത്തിൽ സ്വകാര്യത മൗലികാവകാശമല്ലെന്നും സാധാരണ നിയമം മാത്രമാണെന്നുമായിരുന്നു കേന്ദ്രസർക്കാർ വാദിച്ചിരുന്നത്. തുടർന്നാണ് കേസ് പ്രത്യേകം പരിഗണിക്കുന്നതിന് ഒന്പതംഗ ബെഞ്ച് രൂപീകരിച്ചത്.

ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ ചെലമേശ്വര്‍, എസ്.എ. ബോബ്ഡെ, ആര്‍കെ അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.

Related posts