ഗാന്ധിനഗർ: ഉപയോഗശൂന്യമായ മരുന്നുവിതരണം ചെയ്ത കടയുടമയും നിർമാണ കന്പനിയും ഉപഭോക്താവിന് 30,000രൂപ നഷ്്ടപരിഹാരം നല്കാൻ കോട്ടയം ഉപഭോക്തൃ കോടതി വിധി.
കോടതി വിധി വന്ന ദിവസം മുതൽ നഷ്്ടപരിഹാര തുക ഉപഭോക്താവിന് നൽകുന്ന ദിവസം വരെ ഒന്‍പത് ശതമാനം പലിശയും കൂടി നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
മെഡിക്കൽ കോളജിനു സമീപ പ്രദേശത്തുള്ള ഒരു മെഡിക്കൽ ഷോപ്പിനെതിരെ 2017 ജൂണ്‍ 26ന് ലോട്ടറി വിൽപ്പനക്കാരനായ ആർപ്പൂക്കര ഈസ്റ്റ് പള്ളി മാലിയിൽ പി.വി.സുനിൽ നൽകിയ പരാതിയെ തുടർന്നാണ് കോടതി വിധി.
ഡോക്്ടറുടെ നിർദേശ പ്രകാരം സുനിൽ മെഡിക്കൽ ഷോപ്പിൽ നിന്നു അഞ്ച് ദിവസത്തേക്കുള്ള മരുന്നു വാങ്ങി. വീട്ടിൽ ചെന്ന് മരുന്നിന്റെ കവർ പൊട്ടിച്ചപ്പോൾ ഗുളികകൾ വിണ്ടു കീറിയ നിലയിലായിരുന്നു.
ഉടൻ തന്നെ മരുന്ന് ഷോപ്പ് ഉടമയെ സമീപിച്ചെങ്കിലും ഉടമ അംഗീകരിച്ചില്ല. തുടർന്ന് അഡ്വ. ആനി മാത്യുവിന്റെ സഹായത്തോടെ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി മരുന്ന് എറണാകുളം കാക്കനാടുള്ള റീജിയണൽ ഡ്രഗ്സ് പരിശോധന ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ 2019 വരെ കാലാവധി ഉണ്ടായിരുന്ന ഈ ഗുളിക ഗുണനിലവാരമില്ലാത്തതാണെന്നും ഇതു കഴിച്ചാൽ മറ്റ് പാർശ്വഫല രോഗങ്ങൾ ഉണ്ടാകുമെന്നും കണ്ടെത്തി.
ഇതിനെ തുടർന്ന് കോടതി മധ്യപ്രദേശിലുള്ള സണ്‍ ഫാർമസ്യൂട്ടിക്കൽ കന്പനിയോടും, മരുന്നു വില്പന നടത്തിയ ഉടമയോടും നഷ്ടപരിഹാരം ഉപഭോക്താവിന് നൽകുവാൻ ഉത്തരവിടുകയായിരുന്നു. കടയുടമ 25,000 രൂപയും, മരുന്ന് കന്പനി 5000രൂപയും നൽകണമെന്നാണ് വിധി. വിതരണം