ന്യൂഡൽഹി: സർക്കാരിന്റെ വിവിധ പദ്ധതികളിൽ ആധാർ നിർബന്ധമാക്കിയത് പാർലമെന്റ് പാസാക്കിയ നിയമ പ്രകാരമാണെന്നും അതിൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ. വ്യാജ പാൻ കാർഡുകളും ആദായ നികുതി തട്ടിപ്പുകളും തടയുന്നതിനു ആധാർ നിർബന്ധമാക്കിയാലേ കഴിയൂയെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
പാൻ കാർഡിനും ആദായ നികുതി റിട്ടേണുകൾക്കും ആധാർ നിർബന്ധമാക്കിയതിനെതിരേ സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവർ നൽകിയ ഹർജികളിമേൽ വാദം നടക്കുന്നതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അതേസമയം, ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവുകളുടെ ലംഘനമാണ് സർക്കാർ നടത്തുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.