ചാവക്കാട്: ബൈക്ക് തടഞ്ഞ് യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ രണ്ടുപേർക്ക് തടവും പിഴയും.
മുല്ലശേരി പുല്ലൂർ കുരിയാക്കോട്ട് പ്രജിത്ത്(27), തോട്ടപ്പുള്ളി രാജേഷ്(46) എന്നിവരെയാണ് ചാവക്കാട് സബ് കോടതി ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷിച്ചത്. രണ്ട് വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ സംഖ്യയിൽ നിന്ന് 7,000 രൂപ അഖിലിനും 3,000 രൂപ അയൽവാസിനും നൽകണം.
പുല്ലൂർ കണ്ണറന്പിൽ അഖിൽ(24), പൂവന്തറ അഖിൽവാസ്(24) എന്നിവരെ 2014 ഡിസംബർ 15നാണ് ആക്രമിച്ചത്. ഇരുവരും ബൈക്കിൽ വരുന്പോൾ തടഞ്ഞ് നിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് കേസ്. രണ്ടാംപ്രതി രാജേഷിന് ലഹരിമരുന്നിന്റെ കച്ചവടമുണ്ടെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണം. ഭയന്ന് പൂവന്തറ ജോബിയുടെ വീട്ടുമുറ്റത്തേക്ക് ബൈക്ക് ഓടിച്ചുകയറ്റിയെങ്കിലും പിന്തുടർന്ന് ആക്രമിച്ചു.