സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഒരു പുരുഷന്റെ കൂടെ സ്വന്തം ഇഷ്ടപ്രകാരം ദീർഘകാലം കഴിഞ്ഞിട്ട് ബന്ധത്തിൽ വിള്ളലുണ്ടാകുന്പോൾ മാനഭംഗകേസ് നൽകുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി.
ഒരുമിച്ചു കഴിഞ്ഞ ശേഷം ഒരു കുട്ടിയുണ്ടായിട്ടും വിവാഹ വാഗ്ദാനം ലംഘിച്ചതിനു പിന്നാലെ മാനഭംഗത്തിനു പരാതി നൽകിയ കേസിൽ പുരുഷന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു
. പരാതിക്കാരി സ്വന്തം ഇഷ്ടപ്രകാരം ആരോപണവിധേയനൊപ്പം കഴിയുകയായിരുന്നു. അവർ തമ്മിൽ ആ തരത്തിലുള്ള ബന്ധവുമാണ് ഉണ്ടായിരുന്നത്.
പിന്നീടു ബന്ധത്തിൽ ഇടർച്ച ഉണ്ടായി. പക്ഷേ, അതിന്റെ പേരിൽ അയാൾക്കെതിരേ മാനഭംഗകേസ് എടുക്കാനാകില്ലെന്നാണ് ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
ഹർജിക്കാരന് രാജസ്ഥാൻ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് പരാതിക്കാരനൊപ്പം കഴിഞ്ഞിരുന്നത്.
ബന്ധം തുടരുന്നതിനിടെ ഇവർക്കൊരു പെണ്‍കുട്ടിയും ഉണ്ടായി. അതിനാൽ സംഭവത്തിന്റെ ഗൗരവസ്വഭാവം പരിഗണിക്കുന്പോൾ മുൻകൂർ ജാമ്യം നൽകാനാകില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.
എന്നാൽ, ഹർജിക്കാരനൊപ്പം നാലു വർഷം ഒരുമിച്ചു താമസിച്ചു എന്നാണ് യുവതി പറഞ്ഞത്. ഇവർ ബന്ധം ആരംഭിക്കുന്ന കാലത്ത് യുവതിക്ക് 21 വയസായിരുന്നു പ്രായം.
അതു കൊണ്ടു തന്നെ പ്രായപൂർത്തിയായ യുവതിക്കൊപ്പം അവരുടെ സമ്മതത്തോടെയാണു പുരുഷൻ കഴിഞ്ഞു വന്നിരുന്നത്. പിന്നീട് ഈ ബന്ധം മുന്നോട്ടു പോകാൻ കഴിയാതായി. എ
ന്നാൽ, അതിന്റെ പേരിൽ മാനഭംഗത്തിന് കേസെടുക്കാൻ കഴിയില്ലെന്നാണ് സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കിയത്.
തുടർന്ന് രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിക്കുകയായിരുന്നു.
പരാതിക്കാരിയായ യുവതി ഈ കേസിലെ ആരോപണ വിധേയനായ പുരുഷനുമായി 2015 മുതൽ ബന്ധത്തിലായതാണ്. പക്ഷേ, അപ്പോഴേ യുവതി മറ്റൊരു വിവാഹം കഴിച്ചിരുന്നു.
അതിനാൽ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു എന്ന ആരോപണത്തിൽ കഴന്പില്ലെന്നാണ് ഹർജിക്കാരന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
പിന്നീട് പുരുഷന് സർക്കാർ ജോലി ലഭിച്ചതോടെയാണ് യുവതി പരാതിയുമായി എത്തിയതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, മുൻ ഭർത്താവിൽ നിന്നു വിവാഹ മോചനം നേടിയ ശേഷമാണ് പരാതിക്കാരി യുവാവിനൊപ്പം കഴിഞ്ഞിരുന്നതെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.
വിവാഹം കഴിക്കാമെന്ന് ഇയാൾ ഉറപ്പും നൽകിയിരുന്നു. ഈ ബന്ധത്തിൽ ഇവർക്കൊരു പെണ്‍കുട്ടിയും ഉണ്ടായി. വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.