അന്പലപ്പുഴ: പൊതുവേദിയിൽ സിപിഎം വനിതാ നേതാവിനെ ആക്ഷേപിച്ച കേസിൽ മന്ത്രി ജി.സുധാകരൻ അതീവ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു. അന്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് ഇന്നലെ ഉച്ചക്കു ശേഷം മന്ത്രി ജാമ്യമെടുത്തത്. ഈ മാസം 28ന് കേസ് പരിഗണിക്കാനിരിക്കെയാണ് അതീവ രഹസ്യമായി കോടതിയിലെത്തി മന്ത്രി മുൻകൂർ ജാമ്യമെടുത്തത്.
2016 ഫെബ്രുവരി 28 നായിരുന്നു കേസിനാസ്പദമായ സംഭവം. എൻ.എച്ച് കുമാര കോടി റോഡിന്റെ ഉദ്ഘാടന വേദിയിൽ വച്ച് അന്ന് സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സ്ത്രീയെയാണ് മന്ത്രി പൊതുവേദിയിൽ വച്ച് ആക്ഷേപിച്ചത്. മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന സ്ത്രീക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ പിന്നീട് ഇവർ അന്പലപ്പുഴ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല.
തുടർന്നാണ് അന്പലപ്പുഴ കോടതിയെ സമീപിച്ചത്. മാർച്ച് 29 നും ഈ മാസം നാലിനു കേസ് പരിഗണിച്ചെങ്കിലും മന്ത്രി കോടതിയിൽ എത്തിയില്ല. നാലിനു കേസ് പരിഗണിച്ചപ്പോൾ 28ന് നിർബന്ധമായും മന്ത്രി ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഉച്ചക്കുശേഷം മന്ത്രി അതീവ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തത്. ഒൗദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് മന്ത്രി കോടതിയിലെത്തിയത്.