ബോംബ് എറിഞ്ഞ് സ്വര്‍ണം കവര്‍ന്ന ഏഴു പേര്‍ക്കു 12 വര്‍ഷം കഠിന തടവ്

COURTതൃശൂര്‍:  നാടന്‍ ബോംബ് എറിഞ്ഞും ഉടമകളെ ആക്രമിച്ചും ഒല്ലൂര്‍ പടവരാട് ജ്വല്ലറിയില്‍നിന്ന് 700 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ ഏഴു പ്രതികള്‍ക്കു 12 വര്‍ഷം കഠിനതടവും അയ്യായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം.കേസില്‍ മൊത്തം 22 പ്രതികളാണുള്ളത്. ഒന്നാം പ്രതി പനയംപാടം വലിയവീട്ടില്‍ സുമേഷ്, രണ്ടാം പ്രതി കല്ലൂര്‍ അത്തപ്പിള്ളി ഷിജു, മറ്റു പ്രതികളായ ഒല്ലൂര്‍ ചക്കാലയ്ക്കല്‍ ഒല്ലൂര്‍ കുട്ടപ്പന്‍ എന്നറിയപ്പെടുന്ന ബിനോയ്, തൈക്കാട്ടുശേരി തീയത്തുപറമ്പില്‍ ശ്രീജിത്ത്, മലയാറ്റൂര്‍ ചിട്ടിക്കാട്ടില്‍ രതീഷ്, കായംകുളം മളയ്ക്കാത്ത വടക്കേതില്‍ രാജേഷ്, മലയാറ്റൂര്‍ പയ്യപ്പിള്ളി ലിബിന്‍ എന്നിവരെയാണ് നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ചിയ്യാരം കടമ്പോട്ടില്‍ നസീര്‍, എടക്കുന്നി കുരിയക്കോടന്‍ സുനോജ്, കാട്ടൂര്‍ തീയ്യത്ത് ബാലന്‍ മകന്‍ ബിനീഷ് എന്നിവരെയാണ് ഇതുവരെ പിടികൂടാന്‍ കഴിയാത്തത്. മൂന്നാം പ്രതി കല്ലൂര്‍ മണപ്പെട്ടി സജി, പത്താം പ്രതി വടക്കന്‍ പറവൂര്‍ പെരുവാരം ശ്രീരാജ്, ഇരുപതാം പ്രതി മഹാരാഷ്ട്ര സ്വദേശി രവി സേട്ട് എന്നിവര്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.  കേസിലെ ഒമ്പതു പ്രതികളെ കോടതി വെറുതെവിട്ടു.

2004 ഓഗസ്റ്റ് 12 നു രാത്രി 8.40ന് ചാലയ്ക്കല്‍ ജ്വല്ലറി പൂട്ടി ഇറങ്ങിയ ഉടമ ചാലയ്ക്കല്‍ ജോര്‍ജ്, മകന്‍ സിജു എന്നിവരേയും ജീവനക്കാരേയും ആക്രമിച്ചായിരുന്നു കവര്‍ച്ച. ടെംപോ ട്രാക്‌സില്‍ എത്തി നാടന്‍ ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉടമകളേയും മറ്റും ഇരുമ്പുപൈപ്പുകൊണ്ട് ആക്രമിച്ചാണ് സര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. പിന്നീട് ആഭരണങ്ങള്‍ പങ്കിട്ടെടുത്തു വില്‍ക്കുകയും ചെയ്‌തെന്നാണു കേസ്.

Related posts