തലശേരി: കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യയേയും ഒന്നരവയസുകാരിയായ ഏക മകളേയും പുഴയിൽ തള്ളിയിടുകയും മകൾ മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി 30 ന് കോടതി പരിഗണിക്കും.
കുടുംബ കോടതി ജീവനക്കാരനായിരുന്ന പാട്യം പത്തായകുന്നിലെ കുപ്പിയാട്ട് മടപ്പുര വീട്ടിൽ കെ.പി. ഷിനു (45) പ്രതിയായ കേസിലാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്.
കേസിലെ സാക്ഷിയായ ഭാര്യ സോനക്ക് പ്രതി അയച്ച 15 കത്തുകളിൽ അഞ്ച് കത്തുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. “തെറ്റു ചെയ്തു, മാപ്പാക്കണം, സ്വർണവും പണവും തിരിച്ചു നൽകാം, മൊഴി മാറ്റി പറയണം’ എന്നിങ്ങനെ എഴുതിയ കത്തുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഈ കത്തുകൾ പ്രതി എഴുതയതെല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
വിചാരണക്ക് മുന്നോടിയായി പ്രതിക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ച ഈ കേസിൽ വിവിധ കാരണങ്ങളാൽ വിചാരണ നീണ്ട് പോകുന്നതിനിടയിലാണ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തെ തുടർന്ന് മെഡിക്കൽ ബോർഡും പിന്നീട് കൃതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും പ്രതിയെ പരിശോധിക്കുകയും മാനസിക രോഗമില്ലെന്ന രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
2021 ഒക്ടോബർ 15 ന് വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ ചോയ്യാടത്തെ എം.പി.സോനയെയും (35) മകൾ അൻവിതയേയും ബൈക്കിൽ കയറ്റി മൊകേരി പാത്തിപ്പാലത്തെ വാട്ടർ അതോറിറ്റിയുടെ ചെക്ക്ഡാമിനടുത്തായി കൊണ്ടുപോയ ശേഷം ഡാമിലേക്ക് തള്ളിയിട്ടുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഒഴുക്കിൽപ്പെട്ട സോന കുറച്ചകലെയുള്ള കൈതചെടിയിൽ പിടിച്ചു രക്ഷപ്പെട്ടു.അൻവിതയുടെ മുതദേഹം തെരച്ചിലിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. പാനൂർ സിഐയായിരുന്ന എം.പി.ആസാദാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.