കൊച്ചി: കാവ്യയെ കല്യാണം കഴിച്ചതിനു ശേഷമുള്ള ദിലീപിന്റെ ആദ്യ ഓണം ജയിലില്‍ തന്നെയെന്ന് തീര്‍ച്ചയായി. എല്ലാം തീര്‍ന്നുവെന്ന് ആത്മവിശ്വാസത്തിലിക്കുമ്പോഴായിരുന്നു പെട്ടെന്നൊരു ദിവസം ദിലീപ് അകത്തു പോകുന്നത്. ജനപ്രിയ നായകനെ അറസ്റ്റു ചെയ്തതാവട്ടെ സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയും. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. ഒരിക്കലും അറസ്റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തില്‍ പോലും കരുതിയില്ല. ആലുവയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത്. കേസില്‍ താന്‍ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നും. കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിനെ പൊലീസ് കുടുക്കി. പിന്നീട് ഇന്നു വരെ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കണ്ടിട്ടില്ല.
ഓരോ ജാമ്യാപേക്ഷയിലും കാവ്യ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ അന്തിമഫലം ഒന്നുതന്നെയായിരുന്നു. രണ്ട് റിമാന്‍ഡ് കാലം കഴിയുമ്പോള്‍ ദിലീപിന് ജാമ്യം കിട്ടുമെന്നായിരുന്നു ഏവരും കാവ്യയെ പറഞ്ഞു വിശ്വസിപ്പിച്ചത്. അതിന് അപ്പുറത്തേക്ക് പോകില്ലെന്നും സിനിമയിലെ ഉന്നതര്‍ ഇടപെടല്‍ നടത്തുമെന്നും അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ ദിലീപിന് അനുകൂലമായി പ്രതികരിച്ചവരെ ഫോണില്‍ വിളിച്ച് കാവ്യ നന്ദിയും അറിയിച്ചു. രാമന്‍പിള്ള അഭിഭാഷകനായി എത്തിയപ്പോള്‍ കാവ്യ ഏറെ പ്രതീക്ഷിച്ചു. നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനക്കേസില്‍ എതിര്‍ഭാഗത്തിന്റെ വക്കീലായിരുന്നു രാമന്‍പിള്ള. അന്ന് തന്നെ ഈ അഭിഭാഷകന്റെ മികവ് കാവ്യ തിരിച്ചറിഞ്ഞിരുന്നു. എന്തു വിലകൊടുത്തും ദിലീപിനെ രാമന്‍പിള്ള രക്ഷിക്കുമെന്ന് തന്നെ കാവ്യ കരുതി. വാദമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ലഭിച്ച പിന്തുണയുമെല്ലാം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
ഇനി സുപ്രീംകോടതിയില്‍ പോകണം. എന്നാല്‍ പീഡനക്കേസില്‍ സുപ്രീംകോടതിയുടെ നിലപാട് കടുകട്ടിയാണ്. സെലിബ്രിറ്റികള്‍ക്ക് പ്രത്യേകിച്ച് ജാമ്യം അനുവദിക്കാറില്ല. അതുകൊണ്ട് കൂടിയാണ് ഇന്ന് ജാമ്യം നിഷേധിച്ചെന്ന് അറിഞ്ഞപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞത്. മകള്‍ മീനാക്ഷിയും കടുത്ത വിഷമത്തിലാണ്. തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് പറഞ്ഞിരിക്കുന്നതിനാല്‍ കാവ്യയും മീനാക്ഷിയും ദിലീപിനെ കണ്ടിട്ട് 50 ദിവസം പിന്നിട്ടിരിക്കുന്നു. ഫോണില്‍ കൂടി ദിലീപ് കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്.
മകളോട് പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്നുള്ള ഉപദേശം ദിലീപ് ജയിലില്‍ നിന്ന് നല്‍കാറുണ്ട്. അതിന് അപ്പുറം ഒന്നും പറയാറില്ല. തനിക്ക് സുഖമാണെന്നും ഉടന്‍ പുറത്തിറങ്ങുമെന്നും ദിലീപ് ആവര്‍ത്തിക്കുമായിരുന്നു. ജയിലില്‍ വ്രതമെടുക്കുന്നതും ശബരിമലയിലേക്ക് പോകാനുള്ള തീരുമാനവുമെല്ലാം ആത്മവിശ്വാസം കൂട്ടാനുള്ള തന്ത്രമായിരുന്നു. എന്നാല്‍ ഇതെല്ലാം പൊളിയുകയാണ്. കാര്‍ണ്ണിവല്‍ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയിലെ ചതിയില്‍ ഒളിഞ്ഞിരുന്ന പ്രതിസന്ധി ഇപ്പോഴാണ് ദിലീപിന് മനസ്സിലാകുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ഗസ്റ്റ് ഹൗസില്‍ ദിലീപ് ഇടയ്ക്ക് താമസിക്കാറുമുണ്ടായിരുന്നുവത്രേ. എന്നാല്‍ പൊലീസും ഈ ഗ്രൂപ്പുമായുള്ള ബന്ധം ദിലീപ് അറിയാതെ പോയി. ഈ ചതിയാണ് ദിലീപിനെ കുടുക്കിയത്. ഇവിടേയ്ക്ക് ഒറ്റയ്ക്ക് എത്താനുള്ള ദിലീപിന്റെ തീരുമാനവും വിനയായി.
ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനാമാസിന്റെ തൊട്ടടുത്ത മേഖലയിലാണ് ഈ ഗസ്റ്റ് ഹൗസ്. എല്ലാം തന്നില്‍ നിന്ന് മാറുന്നുവെന്ന് ദിലീപ് കരുതിയ സാഹചര്യത്തിലായിരുന്നു പൊലീസ് തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയത്. കേസിലെ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് ചില പൊലീസുകാര്‍ ദിലീപിനെ സമീപിച്ചു. ഇത് സത്യസന്ധമായ ഇടപെടലാണെന്ന് ജനപ്രിയ നായകന് കരുതി. ഇതിന് പൊലീസ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശിച്ചത് ദിലീപിന്റെ കൂടി സൗകര്യമുള്ള ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ആരുടേയും കണ്ണില്‍പ്പെടാതെയുള്ള ചര്‍ച്ചയായിരുന്നു ലക്ഷ്യമിട്ടത്. കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കിക്കുകയായിരുന്നു ലക്ഷ്യം. ദിലീപിനെ ആദ്യം പൊലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം പല സിനിമാക്കാരേയും ചോദ്യം ചെയ്തു. ഇതോടെ കാവ്യയിലേക്ക് അന്വേഷണം എത്തുമെന്ന സൂചന ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാര്‍ണിവലിലേക്ക് ഒത്തുതീര്‍പ്പിന് ദിലീപ് പോയത്.
കരുതിക്കൂട്ടി തയ്യാറാക്കിയിരുന്ന പദ്ധതിയായതിനാല്‍ ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ ഗസ്റ്റ് ഹൗസിലെ മറ്റ് മുറികളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഇത്. പറഞ്ഞതു പോലെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിന്റെ ശ്രദ്ധയില്‍ ഇതൊന്നും പെട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ചര്‍ച്ചയക്കിടെ എല്ലാം മാറിമറിഞ്ഞു. ഒത്തു തീര്‍പ്പ് ചര്‍ച്ച ചോദ്യം ചെയ്യലായി. അപ്രതീക്ഷിതമായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യക്ഷരായി. വിഡീയോ കോണ്‍ഫറന്‍സിലൂടെ ഡിജിപി ലോക്നാഥ് ബെഹ്റയുമെത്തി. സിബിഐ സ്റ്റൈലില്‍ പൊലീസ് ഒരുക്കിയ കുടുക്ക താരത്തെ തളര്‍ത്തി. രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം പുറംലോകം അറിഞ്ഞത്.
ഇതോടെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസില്‍ നിന്ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. അവിടെ നിന്ന് മജിസ്ട്രേട്ടിന്റെ വീട്ടിലേക്കും. പിന്നെ ആലുവ സബ് ജയിലിലേക്കും. സുരക്ഷാ കാരണങ്ങളാല്‍ റിമാന്‍ഡ് കഴിയുമ്പോള്‍ പോലും ദിലീപിനെ കോടതിയില്‍ കൊണ്ടു വരുന്നില്ല. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികളില്‍ താരത്തെ പങ്കെടുപ്പിക്കുന്നത്. പള്‍സര്‍ സുനിയുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധിയിലാണ് ദിലീപും കുടുംബവും.