വിവാഹ ബന്ധമുപേക്ഷിച്ചാല്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്നത് പൊതുവെയുള്ള ഒരു നിയമമാണ്. ഇത്തരത്തില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് പഞ്ചാബ് ഹരിയാന കോടതിയില്‍ നടന്ന ജീവനാംശ കേസില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് ലോകം മുഴുവന്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട ജീവനാംശ കേസില്‍ മുന്‍ഭാര്യക്ക് യുവാവ് നല്‍കിയത് 24,600 രൂപയുടെ നാണയത്തുട്ടുകളാണ്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങള്‍ മാത്രം ചേര്‍ത്തുവച്ചാണ് മുന്‍ഭാര്യക്ക് യുവാവ് 24,600 രൂപ ജീവനാംശമായി നല്‍കിയത്.
നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാതെ വന്നതോടെ കേസ് ജൂലൈ 27 ലേക്ക് മാറ്റി. പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകന് കൂടിയായ കക്ഷിയാണ് തന്റെ സ്വന്തം കേസില്‍ ജില്ലാ കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
ഒരു ചാക്ക് നിറയെ നാണയത്തുട്ടുകളുമായാണ് അഭിഭാഷകന് കോടതിയിലെത്തിയത്. മുന്‍ ഭാര്യക്കുള്ള ജീവനാംശം കോടതിയില്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടപ്പോളാണ് ഈ നാണയത്തുട്ടുകള്‍ അടങ്ങിയ ചാക്ക് അഭിഭാഷകന് കൈമാറിയത്. വിവാഹമോചനം തേടിയതിന് ശേഷം തന്നെ അപമാനിക്കാനും പീഡിപ്പിക്കാനുമുള്ള മുന്‍ ഭര്‍ത്താവിന്റെ പുതിയ വഴിയാണിതെന്ന് യുവതി ആരോപിച്ചു. നിയമത്തെ കളിയാക്കുകയാണ് അയാളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2015 ലാണ് ഇരുവരും കോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്നുള്ള കോടതി നടപടികള്‍ക്കൊടുവില്‍ മുന്‍ഭാര്യക്ക് ഭര്‍ത്താവ് പ്രതിമാസം 25,000 രൂപ ജീവനാംശമായി നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ജീവനാംശം നല്കുന്നതില് വീഴ്ച വരുത്തിയതോടെയാണ് മുന്‍ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
ഇതോടെ രണ്ടു മാസത്തെ തുക ഒരുമിച്ച് കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഉത്തരവില്‍ നൂറിന്റെയും 500 ന്റെയും നോട്ടുകളായി തുക നല്‍കണമെന്ന് വ്യക്തമാക്കാത്തതു കൊണ്ടാണ് നാണയങ്ങളായി നല്‍കിയതെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു. ഏതായാലും നാണയത്തുട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ വേണ്ടി കോടതി കേസ് മാറ്റിവച്ചിരിക്കുകയാണ്.