കൊച്ചി: ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിച്ച സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണത്തിന് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് ശിപാര്‍ശ ചെയ്തു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തുവരും. സംഭവത്തില്‍ അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കും പോലീസിനും വീഴ്ചപറ്റിയിട്ടുണ്ട്. ഒരു സിറ്റിംഗ് ജഡ്ജിയെകൊണ്ടു സംഭവം അന്വേഷിപ്പിക്കണമെന്നും എജി പറഞ്ഞു.
ജുഡീഷല്‍ അന്വേഷണത്തിനു സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും അഭിഭാഷകരുടെ കോടതി ബഹിഷ്കരണം ശരിയായ നടപടിയല്ലെന്നും അത് ഒഴിവാക്കണമെന്നും സുധാകര പ്രസാദ് പറഞ്ഞു. അതേസമയം ഹൈക്കോടതി വളപ്പില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അഭിഭാഷകര്‍ ഇന്നു കോടതി നടപടികള്‍ ബഹിഷ്കരിക്കുകയാണ്. കേരള ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷനാണു ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജില്ലാ കോടതികളുള്പ്പെടെയുള്ളവയിലെ അഭിഭാഷകര്‍ ബഹിഷ്കരണത്തില്‍ പങ്കെടുക്കുന്നുണ്ട്. എറണാകുളം ബാര്‍ അസോസിയേഷന് ബഹിഷ്കരണത്തില്‍ പങ്കെടുക്കുന്നില്ലെന്ന തരത്തിലാണ് ആദ്യം വിവരങ്ങള്‍ പുറത്തു വന്നിരുന്നത്്. എന്നാല്‍ ബഹിഷ്കരണത്തില്‍ പങ്കുചേരുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. മറ്റു ജില്ലകളിലും കോടതി നടപടികള്‍ ബഹിഷ്കരിക്കുമെന്നാണ് അറിയുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നല്കിയ ഹര്‍ജി ഉള്‍പ്പെടെ നിരവധി പ്രമുഖ കേസുകള്‍ ഇന്നു പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകരുടെ ബഹിഷ്കരണം. പൊതുവഴിയില്‍ യുവതിയെ കടന്നുപിടിച്ച കേസില്‍ പോലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന് നല്കിയ ഹര്‍ജിയും കോടതി ഇന്നു പരിഗണിക്കും. അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് അറിയിച്ചു.
അത്യന്ത്യം നാടകീയ രംഗങ്ങളാണ് ഇന്നലെ ഹൈക്കോടതി വളപ്പില്‍ അരങ്ങേറിയത്. ചൊവ്വാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഡിജിപി ലോക്നാഥ് ബെഹ്റയുമായി അഭിഭാഷകര്‍ ചര്‍ച്ച നടത്തുകയും സംഭവം അന്വേഷിക്കാന്‍ ആലുവ റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിക്കുകയും ചെയ്തു. ഈ ഉറപ്പിന് പിന്നാലെയാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ തിരിഞ്ഞത്.
കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ പത്രപ്രവര്‍ത്തകരടക്കമുള്ളവരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും കോടതി വളപ്പിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെട്ട് മാധ്യമങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
മാധ്യമപ്രവര്‍ത്തകരെ ബന്ദികളാക്കിയതറിഞ്ഞ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തുകയും റോഡില്‍ കുത്തിയിരിക്കുകയും ചെയ്തു. സമരത്തിലേര്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ചതും ഇവര്‍ക്കിടയിലേക്ക് ഒരു അഭിഭാഷകന് ബൈക്ക് ഓടിച്ച് കയറ്റാന്‍ ശ്രമിച്ചതും സംഘര്‍ഷം രൂക്ഷമാക്കി. പോലീസ് ലാത്തിവീശിയാണു ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്. തുടര്‍ന്നു ചീഫ് ജസ്റ്റീസും പ്രശ്നത്തില്‍ ഇടപെട്ടു.