തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതിയുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
2021-ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാവോണ്‍ ദക്ഷിണ് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട അലോ റാണി സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം ചോദ്യംചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ വാദംകേട്ട ശേഷമാണ് അലോ റാണി സര്‍ക്കാര്‍ ബംഗ്ലാദേശ് പൗരയാണെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവര്‍ക്കെതിരെ നടപടിക്കും ജസ്റ്റിസ് ബിബേക് ചൗധരി നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പില്‍ 2000 വോട്ടിനായിരുന്നു അലോ റാണി സര്‍ക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന് മഞ്ജുംദാറിനോട് പരാജയപ്പെട്ടത്.
ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സര്‍ക്കാരിന് ഇന്ത്യന്‍ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും ജസ്റ്റിസ് ബിബേക് ചൗധരി അറിയിച്ചു.