കൊച്ചി: ദേശീയ പാതയോരത്തെ ബാറുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മദ്യശാലകൾ തുറക്കുന്നതിനെതിരായി നൽകിയ ഹർജിയിൽ വിധി പറയും വരെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് പ്രകാരം ബാറുകൾ തുറക്കാൻ പോകുന്നെന്നു ചൂണ്ടിക്കാട്ടി കൊയിലാണ്ടി മുൻസിപ്പൽ കൗണ്‍സിലർ ഇബ്രാഹിംകുട്ടി നൽകിയ ഹർജിയിലാണ് സർക്കാരിനെതിരേ കോടതിയുടെ രൂക്ഷ വിമർശനം.
മദ്യശാലകൾ മുഴുവൻ തുറക്കാൻ ആരും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിൽ സർക്കാരിന് കോടതിയെ സമീപിക്കാമായിരുന്നു. കോടതിയുടെ ചുമലിൽ കയറി ബാറുകൾക്കു വേണ്ടി സർക്കാർ വെടിവയ്ക്കാൻ നോക്കേണ്ട. അങ്ങനെയാണെങ്കിൽ തിരിച്ചു വയ്ക്കാനറിയാമെന്നും കോടതി ഓർമപ്പെടുത്തി.
സുപ്രീംകോടതി വിധി നാട്ടിലെ നിയമമാണ്. ഹൈക്കോടതി സുപ്രീംകോടതിക്കു മുകളിലല്ല. അതുകൊണ്ട് തന്നെ ദേശീയ പാതയുടെ അരക്കിലോമീറ്റർ പരിധിയിൽ മദ്യശാല പ്രവർത്തിക്കാൻ കഴിയില്ല എന്ന സുപ്രീംകോടതി വിധി നിലനിൽക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദേശീയപാതയെന്ന് മന്ത്രിക്കും സർക്കാരിനു ബോധ്യമുണ്ടായിരുന്നു. പിന്നെ എന്തിനാണ് ബാറുകൾ തുറന്നതെന്നും ഹൈക്കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു.
കോടതിവിധിയിൽ ദുരൂഹതയുണ്ടെന്ന മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരന്‍റെ പരാമർശത്തിനെതിരേയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. “ദുരൂഹത’ സൂക്ഷിച്ച് ഉപയോഗിക്കേണ്ട പദമാണെന്ന് കോടതി ഓർമിപ്പിച്ചു. കണ്ണൂർ വെങ്ങളം-കുറ്റിപ്പുറം ഭാഗവും ചേർത്തല-തിരുവനന്തപുരം ഭാഗം വരെയുള്ള മദ്യശാലകൾ തുറക്കാനുള്ള നീക്കവുമായി സർക്കാൻ മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.