ലൈംഗികപീഡനക്കേസില് ഒളിവില്പ്പോയ എല്ദോസ് കുന്നപ്പള്ളി എംഎല്എയ്ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന് എംപി.
ഇതുപോലത്തെ ഞരമ്പുരോഗികള് എല്ലാ പാര്ട്ടിയിലുമുണ്ട്. പാര്ട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന് പറഞ്ഞു.
അധ്യാപിക നല്കിയിട്ടുള്ള പീഡനക്കേസില് പ്രതിച്ചേര്ക്കപ്പെട്ടതിനെ തുടര്ന്ന് ഒളിവില്പ്പോയ എല്ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്കാനുള്ള സമയം ഇന്ന് അവസാനിക്കും.
അനുവദിച്ച സമയത്തിനുള്ളില് എംഎല്എ വിശദീകരണം നല്കിയില്ലെങ്കില് കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
വിശദീകരണം നല്കിയാലും പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്യാനാണ് ആലോചന. കേസില് ഉള്പ്പെട്ടതിന് പുറമേ ഒളിവില് പോയത് പാര്ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്.
അതേസമയം എല്ദോസ് കുന്നപ്പിള്ളി എംഎല്എയ്ക്ക് തിരുവനന്തപുരം അഡീ.സെഷന്സ് കോടതി മുന്കൂര് ജാമ്യം അനുവദിച്ചു.
ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്ദോസിന്റെ അഭിഭാഷകന് കോടതിയില് വാദമുന്നയിച്ചിരുന്നു.
പരാതികള് സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പോലീസ് റിപ്പോര്ട്ടു നിലവിലുമുണ്ട്.
മറ്റെന്നാള് അന്വേഷണസംഘത്തിനു മുമ്പില് ഹാജരാകണമെന്ന് കോടതി എല്ദോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങള് വഴി പ്രകോപനപരമായ പോസ്റ്റുകള് പാടില്ലെന്നും സംസ്ഥാനം വിടാന് പാടില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം എല്ദോസിന് ജാമ്യം കിട്ടിയതില് സങ്കടമുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയില് ഉറച്ചു നില്ക്കുമെന്നും ഇവര് വ്യക്തമാക്കി.