പോക്സോ കേസില് നടന് ശ്രീജിത്ത് രവിയ്ക്ക് ജാമ്യം. ഫ്ളാറ്റിനു മുന്നില് കളിച്ചുകൊണ്ടിരുന്ന പെണ്കുട്ടികള്ക്കു മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയതിനാണ് നടനെ അറസ്റ്റു ചെയ്തത്.
ഇപ്പോള് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സ ഉറപ്പാക്കുമെന്നു ശ്രീജിത്തിന്റെ പിതാവും ഭാര്യയും മജിസ്ട്രേട്ടിനു മുന്നില് സത്യവാങ്മൂലം നല്കണമെന്ന വ്യവസ്ഥ ഉള്പ്പെടെ നല്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ജാമ്യം അനുവദിച്ചത്.
പെരുമാറ്റ വൈകല്യത്തിനു 2016 മുതല് തൃശൂരില് സ്വകാര്യ ആശുപത്രിയില് ചികില്സയിലാണെന്നതിന്റെ രേഖകള് കോടതിയില് നല്കിയിരുന്നു. ഇത് പരിഗണിച്ചാണു ജാമ്യം.
പ്രതി കൃത്യം ആവര്ത്തിക്കാന് ഇടയുള്ളതിനാല് ജാമ്യം നല്കരുതെന്നു പ്രോസിക്യൂഷന് വാദിച്ചു. ആവര്ത്തിച്ചാല് ജാമ്യം റദ്ദാക്കാന് അപേക്ഷ നല്കാമെന്നു കോടതി വ്യക്തമാക്കി.
സ്ത്രീകള്ക്കു നേരെയുള്ള അതിക്രമം തടയല്, പോക്സോ വകുപ്പുകള് തുടങ്ങിയവ പ്രകാരമാണു നടനെതിരെ കേസ് റജിസ്റ്റര് ചെയ്തത്.
ഈ മാസം നാലിനു നടന്ന സംഭവത്തില് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര് അഡീഷനല് സെഷന്സ് കോടതി റിമാന്ഡ് ചെയ്തിരുന്നു.
തൃശൂര് അഡീഷനല് സെഷന്സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
പെരുമാറ്റ വൈകല്യത്തിനു 2016 മുതല് തൃശൂരില് സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണെന്നും ജയിലില് തുടരേണ്ടിവരുന്നതു മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ മാസം നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. അയ്യന്തോള് എസ്എന് പാര്ക്കിനു സമീപത്തെ ഫ്ലാറ്റിനു മുന്നില് കളിച്ചുകൊണ്ടിരുന്ന പതിനൊന്നും പതിനാലും വയസ്സുള്ള പെണ്കുട്ടികള്ക്കു മുന്നില് ശ്രീജിത്ത് രവി നഗ്നത പ്രദര്ശിപ്പിച്ചെന്നാണു പരാതി.
ആഡംബര വാഹനത്തിലെത്തിയയാള് അശ്ലീല പ്രദര്ശനം നടത്തിയെന്നു കുട്ടികള് രക്ഷിതാക്കളോടു പറഞ്ഞു.
അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദര്ശനം നടത്തി. ഇതോടെ രക്ഷിതാക്കള് വെസ്റ്റ് പോലീസിനു പരാതി നല്കി. പാര്ക്കിനു സമീപത്തെ സിസിടിവി പരിശോധിച്ചപ്പോള് നടനെ തിരിച്ചറിഞ്ഞു.
സമാന കേസില് മുന്പു പാലക്കാട്ടും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയില് ഇതു ചൂണ്ടിക്കാട്ടിയ പോലീസ്, പ്രതിക്കു ജാമ്യം നല്കരുതെന്നു നിലപാടെടുത്തു.
സ്ത്രീകള്ക്കു നേരെയുള്ള അതിക്രമം തടയല്, പോക്സോ വകുപ്പുകള് ചുമത്തിയിട്ടുണ്ട്. 3 വര്ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.