ആലപ്പുഴ:ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞ പ്രണയകഥയ്ക്ക് ഒടുവില്‍ ശുഭാന്ത്യം. 18 വയസു മാത്രം പ്രായം ഉള്ള പയ്യന് പത്തൊമ്പതുകാരി മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ വിസമ്മതിച്ച പിതാവിനും ഉണ്ടായിരുന്നു പറയാന്‍ ഒരു കാരണം. മകളുടെ ഇഷ്ടത്തിന് എതിരല്ലായിരുന്നിട്ടും പയ്യന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തനിക്കെതിരേ ബാലവിവാഹത്തിന് കേസുണ്ടാകുമോയെന്ന് ഭയന്നാണ് ഇങ്ങനെയൊരു നിലപാടെടുത്തതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആലപ്പുഴ സ്വദേശി മുഹമ്മദ് റിയാദ് പറയുന്നു.
വിവാഹ പ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ കമിതാക്കള്‍ക്ക് ഒരുമിച്ച് താമസിക്കാമെന്ന ഹൈക്കോടതി വിധിയാണ് റിഫാനയുടെയും ഹനീഷിന്റെയും പ്രണയം പൂവണിയുന്നതില്‍ നിര്‍ണായകമായത്.കാമുകന്റെ തടവില്‍ കഴിയുന്ന മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് റിയാദ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ് വന്നത്. പെണ്‍കുട്ടിക്ക് 18 കഴിഞ്ഞെങ്കിലും പയ്യന് 19 വയസ്സേ ആയുള്ളൂ. ആണുങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ 21 വയസ്സാകണമെന്നാണ് നിയമം. ഇത് പാലിച്ചില്ലെങ്കില്‍ അത് ശൈശവ വിവാഹമായി മാറും. ഈ സാഹചര്യത്തിലാണ് നിയമനടപടിക്ക് കാരണം. പരസ്പരസമ്മതത്തോടെ ഒരുമിച്ച് കഴിയുന്നതിന് വിവാഹപ്രായം തികയണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ആലപ്പുഴക്കാരായ റിഫാന റിയാദിന്റെയും എച്ച്. ഹനീഷിന്റെയും പ്രണയ കഥയാണ് ഇതിലൂടെ ചര്‍ച്ചയായത്.
ആലപ്പുഴയില്‍ സ്വകാര്യ സ്കൂളില്‍ പഠിക്കുമ്പോഴാണ് തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശിയായ 18 കാരനും ആലപ്പുഴ സ്വദേശിയായ 19 കാരിയും അടുപ്പത്തിലാകുന്നത്. ഹനീഷിന്റെ വീട് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്ത് പതിയന്‍കാമുറി തീരദേശ ഗ്രാമത്തിലാണ്. റിഫാനയുടേത് ആലപ്പുഴ നഗരത്തിലുള്ള സക്കറിയ ബസാറിലും. രണ്ടുപേരും തമ്മില്‍ പ്രണയത്തിലായത് ആലപ്പുഴ നഗരത്തിലുള്ള സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന കാലത്താണ്. തീവ്രമായ പ്രണയം. വിവാഹ താത്പര്യം യുവാവിന്റെ വീട്ടുകാര്‍ യുവതിയുടെ പിതാവിനെ അറിയിച്ചു.
എന്നാല്‍ യുവാവിന് വിവാഹപ്രായമെത്താത്തതിനാല്‍ വിവാഹത്തിന് തയ്യാറല്ലെന്നും നിയമാനുസൃതമായ പ്രായം തികയുമ്പോള്‍ വിവാഹം ചെയ്തു തരാമെന്നും റിയാദ് പറഞ്ഞു. തനിക്കെതിരേ നിയമനടപടിയുണ്ടാകുമോയെന്ന് ഭയന്നാണ് ഇങ്ങനെയൊരു നിലപാടെടുത്തതെന്നാണ് റിയാദ് പറയുന്നത്. യുവാവിനൊപ്പം താമസിക്കാനായിരുന്നു യുവതിയുടെ ആഗ്രഹം. തുടര്‍ന്ന് യുവതിയെ യുവാവ് വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി. റിയാദ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്ന് യുവതി അറിയിച്ചു.
പിന്നീട് സ്വന്തം വീട്ടിലേക്ക് വന്ന യുവതി കുറച്ചു നാളിനുള്ളില്‍ വീണ്ടും യുവാവിനൊപ്പം പോയി. യുവാവിന്റെ കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും പൊലീസിനെ ഉപയോഗിച്ച് തന്നെ തടയുകയായിരുന്നെന്ന് റിയാദ് ആരോപിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഒരുമിച്ച് ജീവിക്കുന്നവരെ വിവാഹപ്രായമായില്ലെന്ന കാരണത്താല്‍ വേര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഹനീഷിന് 21 വയസ്സാകുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്നും ഇപ്പോള്‍ മകളെ വിട്ടുകിട്ടണമെന്നുമായിരുന്നു ഹര്‍ജിക്കാരനായ മുഹമ്മദ് റിയാദിന്റെ അപേക്ഷ. ബാല വിവാഹനിരോധന നിയമപ്രകാരം.
യുവാവ് കുട്ടിയെന്ന നിര്‍വ്വചനത്തില്‍ വരുമെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം എന്നതിനാല്‍ യുവാവിനൊപ്പം വിവാഹം കഴിക്കാതെയും ജീവിക്കാമെന്നും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം താല്പര്യപ്രകാരം ജീവിക്കാന്‍ കഴിയും. കോടതിക്ക് സൂപ്പര്‍ രക്ഷിതാവ് ചമയാന്‍ ആകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.