മഞ്ചേരി: ഏറെ കോളിളക്കം സൃഷ്ടിച്ച അരീക്കോട് ആതിര വധക്കേസ് വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ പുരോഗമിക്കവെ ഇന്നലെ ചോദ്യങ്ങൾക്ക് നിഷേധാത്മക സമീപനം അനുവർത്തിച്ച സാക്ഷിയെ കോടതി ശിക്ഷിച്ചു.കേസിലെ പതിനാറാം സാക്ഷിയായ അബ്ദുൽ ഗഫൂർ (52)നെയാണ് ജഡ്ജി എ.വി.നാരായണൻ കോടതി പിരിയും വരെ തടവ് ശിക്ഷ നൽകിയത്.
അരീക്കോട് കീഴുപറന്പ് വാലില്ലാപുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിൽ വേലു മകൻ രാജൻ (43) ആണ് കേസിലെ പ്രതി. 2018 മാർച്ച് 22ന് വൈകീട്ട് 4.45നാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ മകളായ ആതിര(21)യാണ് കൊല്ലപ്പെട്ടത്.ആതിരയും ഹരിജൻ വിഭാഗത്തിൽപ്പെട്ട യുവാവും തമ്മിൽ പ്രണയിക്കുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.ഇത് പിതാവായ രാജൻ എതിർത്തെങ്കിലും പിൻമാറാൻ മകൾ തയ്യാറാകാത്തതിനെ തുടർന്ന് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇന്നലെ ഹാജരായ എട്ടു സാക്ഷികളിൽ അബ്ദുൽ ഗഫൂർ അടക്കം രണ്ടു പേർ കൂറുമാറി.പ്രതിയുടെ സഹോദരിയും കേസിലെ ഏക ദൃക്സാക്ഷിയുമായ സുലോചനയും നേരത്തെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസുവും പ്രതിക്ക് വേണ്ടി അഭിഭാഷകരായ പി.സി.മൊയ്തീൻ, ലാലു മോൻ എന്നിവരും ഹാജരായി. പ്രതിയുടെ ഭാര്യ സുനിത, സഹോദരൻ ബാലൻ, മകൻ അശ്വിൻ രാജ് എന്നിവരെ ഇന്ന് കോടതി വിസ്തരിക്കും.