സിംഗപ്പുർ: ജോലി സ്ഥലത്തുനിന്ന് അവധി ലഭിക്കാൻ, ജീവിച്ചിരിക്കുന്ന അമ്മ മരിച്ചെന്ന രീതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച ചൈനാക്കാരിയെ സിംഗപ്പുർ പോലീസ് പിടികൂടി 4.19 ലക്ഷം രൂപ പിഴയടപ്പിച്ചു.
സോഫ്റ്റ്വെയർ ഡെവലപ്പറായ സു ക്വിന്നിന് ആണു പിഴയടയ്ക്കേണ്ടിവന്നത്. ഞാനും അമ്മയും മാത്രമാണു വീട്ടിലുള്ളതെന്നും രോഗിയായ അമ്മയെ ചികിത്സിക്കാനായി അവധി അനുവദിക്കണമെന്നുമാണു സു ക്വിൻ ആവശ്യപ്പെട്ടത്.
വ്യാജ ക്യൂആര് കോഡും വ്യാജ തിയതികളും ഉപയോഗിച്ചാണ് ക്വിന് തന്റെ വ്യാജ മെഡിക്കൽ സര്ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. എന്നാല് എച്ച്ആര് മാനേജറുടെ പരിശോധയില് ക്വിന്നിന്റെ അവധി സര്ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തി.
തുടർന്ന് ക്വിന് മറ്റൊരു ക്യൂആര് കോഡ് ഉപയോഗിച്ച് വീണ്ടും വ്യാജ മെഡിക്കൽ രേഖ ചമച്ചു. ഇതും വ്യാജമാണെന്നു കണ്ടെത്തിയ എച്ച്ആര് 24 മണിക്കൂറിനുള്ളില് ക്വിനെ ജോലിയില്നിന്നു പിരിച്ചുവിടുകയും കേസ് നല്കുകയുമായിരുന്നു.
ചൈനയിൽ താമസിക്കാൻവേണ്ടി ക്വിന് സമര്പ്പിച്ച അമ്മയുടെ മരണ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു പോലീസും കണ്ടെത്തി. തുടര്ന്ന് കേസ് പരിഗണിച്ച കോടതി വ്യാജരേഖ ചമച്ചതിനു പിഴ അടയ്ക്കാൻ ഉത്തരവിടുകയായിരുന്നു.