കൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അഴിമതി വിരുദ്ധ പേരാട്ടത്തിന്റെ പേരിൽ ഭീഷണിയുള്ളതിനാൽ തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു കോടതിയുടെ വിമർശനം ഉയർന്നത്.
തനിക്കു മുകളിലും സംവിധാനങ്ങൾ ഉണ്ടെന്ന് ഓർക്കണമെന്നു വിലയിരുത്തിയ കോടതി ജേക്കബ് തോമസ് പബ്ലിക് സെർവന്റാണെന്ന കാര്യം മറക്കരുതെന്നും വിലയിരുത്തി. വിജിലൻസ് എടുത്തിരിക്കുന്ന സുപ്രധാനമായ നിരവധി ക്രിമിനൽ കേസുകൾ ജേക്കബ് തോമസ് കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ജേക്കബ് തോമസിനു വിസിൽ ബ്ലോവേഴ്സ് പ്രകാരമുള്ള സംരക്ഷണത്തിനു അർഹതയില്ലെന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസുകളിലൊന്നും ജേക്കബ് തോമസിന് നേരിട്ട് ചുമതലയില്ലെന്നും മേൽനോട്ട ചുമതല മാത്രമാണുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥരാണു റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു.
ഭീഷണിയുണ്ടെങ്കിൽ ഉചിതമായ ഫോറത്തെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. ഈ ഘട്ടത്തിലാണു കോടതി വിമർശനം ഉയർത്തിയത്.
കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റി.