മലപ്പുറം: ശസ്ത്രക്രിയയിലെ പിഴവു മൂലം രോഗിക്കുണ്ടായ പ്രയാസങ്ങൾക്കും ചെലവിനും ഗൈനക്കോളജിസ്റ്റ് നഷ്ടപരിഹാരവും ചികിത്സാ ചെലവും നൽകാൻ മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സയ്ക്ക് ചെലവായ 35,000 രൂപയും കോടതി ചെലവായ 10,000 രൂപയും ഒരു മാസത്തിനകം നൽകാനാണ് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ അംഗവുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
അല്ലാത്ത പക്ഷം സംഖ്യ നൽകുന്നതുവരെ 12 ശതമാനം പലിശ നൽകുന്നതിനും കമ്മീഷൻ ഉത്തരവിട്ടു.പാൻക്രിയാസിനു ശസ്ത്രക്രിയ നടത്തിയിരിക്കെ ഗർഭധാരണവും പ്രസവവും അപകടകരമാണെന്നു നിർദ്ദേശിച്ചതിനാൽ ഗർഭം ഒഴിവാക്കുന്നതിനും ഭാവിയിൽ ഗർഭം ധരിക്കാതെയിരിക്കാനുമുള്ള ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരി ഡോക്ടറെ സമീപിച്ചത്.
വിജയകരമായി ശസ്ത്രക്രിയ നടത്തിയെന്നു ഡോക്ടർ അറിയിച്ചെങ്കിലും രണ്ടു മാസം കഴിഞ്ഞു വീണ്ടും പരിശോധിച്ചപ്പോൾ നേരത്തെയുണ്ടായിരുന്ന ഗർഭധാരണം ശസ്ത്രക്രിയയിലൂടെ അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.