കൊല്ലം: റേഷന്‍കടയില്‍ ഉണ്ടായ വാക്കേറ്റത്തില്‍ ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കിളികൊല്ലൂര്‍ ചൂട്ടറവിള മുക്കിന് സമീപം കെ പി നഗര്‍ കരീപ്ര വീട്ടില്‍ രാജീവി(43)നെയാണ് കൊല്ലം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി പി ഷെര്‍ളി ദത്ത് ശിക്ഷിച്ചത്.
പിതൃസഹോദരിയുടെ പുത്രനായ മുകേഷിനെയാണ് കുത്തികൊലപ്പെടുത്തിയത്. 2013 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാജീവ് റേഷന്‍കടയിലെ ജീവനക്കാരനായിരുന്നു. മുകേഷിന്റെ ഭാര്യ റേഷന്‍കടയില്‍ ക്രിസ്തുമസ് സ്പെഷല്‍ പഞ്ചസാര ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വിവരമറിയിച്ചപ്പോള്‍ ഇതിനെ കുറിച്ച് ചോദിച്ച അമ്മുമ്മയെയും അമ്മയെയും പ്രതി അസഭ്യം പറഞ്ഞു.
ഇത് തുടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവായ മുകേഷിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പാല്‍ക്കുളങ്ങര ക്ഷേത്രത്തിന് സമീപം വച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മുകേഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം ആശുപത്രിയിലാണ് മുകേഷ് മരിച്ചത്.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ മരണമൊഴിയുടെയും സാഹചര്യ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിരുന്നു. ശാസ്ത്രീയ തെളിവുകളും ശിക്ഷാവിധിക്ക് അടിസ്ഥാനമായി. കിളികൊല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ രാജന്‍പിള്ള ഹാജരായി.