കൊച്ചി: പ്രായപൂർത്തിയാകാത്ത അനിയൻ ബൈക്കോടിച്ചതിന് സഹോദരന് തടവും പിഴയും. ആലുവ സ്വദേശി റോഷനാണ് അനിയന്റെ തെറ്റിന് ശിക്ഷയേൽക്കേണ്ടിവന്നത്.
സ്പെഷൽ കോടതി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കെ.വി. നൈനയാണ് ശിക്ഷിച്ചത്. കോടതിസമയം തീരുംവരെ ഒരുദിവസം വെറുംതടവിന് ശിക്ഷിച്ചതിനുപുറമെ 34,000 രൂപ പിഴയുമിട്ടു.
റോഷന്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹനത്തിന്റെ ആർസി ഒരുവർഷത്തേക്കും സസ്പെൻഡ് ചെയ്തു.
വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തിനാൽ 2000 രൂപയും ഇൻഡിക്കേറ്റർ, മിറർ എന്നിവ ഘടിപ്പിക്കാത്തതിനാൽ 1000 രൂപയും അനുബന്ധ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാത്തതിന് 1000 രൂപയും പിഴ അടയ്ക്കണം.
നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ ആലുവ ഭാഗത്തുനിന്ന് ഏപ്രിലിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.