മുട്ടം: കോടതിയിലെ വനിതാ ജീവനക്കാര്ക്ക് മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയഅഭിഭാഷകനെതിരേ കേസെടുത്ത് പോലീസ്. വീഡിയോ കോണ്ഫറന്സ് വഴി കോടതി നടപടികള് നടന്നുകൊണ്ടിരിക്കെ കോടതിയിലെ വനിതാ ജീവനക്കാര്ക്ക് മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയ അഭിഭാഷകനെതിരെയാണ് മുട്ടം പോലീസ് കേസെടുത്തത്.
കൊല്ലം ബാറിലെ അഭിഭാഷകന് അഡ്വ . ടി.കെ. അജനെതിരെയാണ് മുട്ടം കോടതിയിലെ വനിതാ ജീവനക്കാര് മുട്ടം പോലീസില് പരാതി നല്കിയത്. അഭിഭാഷകനെ നോട്ടീസ് നല്കി വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് മുട്ടം സിഐ ഇ.കെ.സോള്ജിമോന് പറഞ്ഞു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള് പ്രകാരമാണ് ഇയാള്ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടിന് രാവിലെ 11.45 നായിരുന്നു സംഭവം. അഡീഷണല് ഡിസ്ട്രിക് ആന്റ് സെഷന്സ് കോടതി നാലില് വീഡിയോ കോണ്ഫറന്സ് വഴി നടപടികള് നടന്നു വരുന്നതിനിടെയാണ് വനിതാ ജീവനക്കാരികളുടെ മുന്നില് വീഡിയോ കോണ്ഫറന്സിലൂടെ അഭിഭാഷകന് നഗ്നതാ പ്രദര്ശനം നടത്തിയത്.
കോടതി നടപടികള് നടക്കുന്നതിനിടെ ഉണ്ടായ നഗ്നതാ പ്രദര്ശനം ഗൗരവമായ വിഷയമായി പരിഗണിക്കേണ്ടതാണ്. ഗൂഗിള് മീറ്റ് മുഖേന കോടതി നടപടികള് നടത്തുമ്പോഴായിരുന്നു ഇയാളുടെ നഗ്നതാ പ്രദര്ശനം. സംഭവത്തില് കോടതിയിലെ വനിത ജീവനക്കാര് ഉന്നത തലത്തില് പരാതി നല്കാനും സാധ്യതയുണ്ട്.