കൊച്ചി: സർക്കാർ സർവീസിൽനിന്നു ദീർഘകാല അവധിയെടുത്ത് വിദേശത്തു ജോലിക്കു പോകുന്നതു തടയുന്ന തരത്തിൽ സർവീസ് ചട്ടത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരണമെന്നു ഹൈക്കോടതി.
അവധിയെടുത്ത് വിദേശത്തു ജോലിക്കു പോയി മടങ്ങി വന്നു പെൻഷൻ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന വിജിലൻസ് കേസ് റദ്ദാക്കാൻ അരീക്കോട് കോളജിലെ അധ്യാപകൻ പി.എൻ. അബ്ദുൾ ലത്തീഫ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഇത്തരത്തിൽ വിദേശത്തേക്ക് അവധിയെടുത്ത് ജോലിക്കു പോയി മടങ്ങിയെത്തുന്നയാൾക്കു ചെയ്യാത്ത സേവനത്തിന്റെ പേരിൽ പെൻഷൻ ആനുകൂല്യങ്ങൾ മരണം വരെ നൽകേണ്ടി വരുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഭേദഗതിക്കു ഹൈക്കോടതി നിർദേശം നൽകിയത്. ഹർജിക്കാരനെതിരേയുള്ള പരാതിയിൽ വിജിലൻസ് രണ്ടുതവണ ത്വരിതാന്വേഷണം നടത്തി പരസ്പര വിരുദ്ധമായ റിപ്പോർട്ടാണ് നൽകിയത്.
2015 ഒക്ടോബർ 25നു സർക്കിൾ ഇൻസ്പെക്ടറും പിന്നീട് ഡിവൈഎസ്പിയും ത്വരിതാന്വേഷണ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ഒരു റിപ്പോർട്ടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നു പറയുന്പോൾ രണ്ടാമത്തെ റിപ്പോർട്ടിൽ പ്രോസിക്യൂഷനു സാധ്യതയില്ലെന്നാണു പറഞ്ഞിട്ടുള്ളത്. പരസ്പര വിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ എങ്ങനെ സമർപ്പിച്ചുവെന്നു വിജിലൻസ് ഡയറക്ടർ അറിയിക്കണം.
ഹർജിക്കാരനെതിരേ അഴിമതി നിരോധന നിയമ പ്രകാരം നടപടി സാധ്യമാണോയെന്ന് സത്യസന്ധമായി വ്യക്തമാക്കുകയും വേണം.സർവീസിലുള്ളവർക്കു വിദേശത്ത് ജോലിക്കു പോകാൻ ദീർഘകാല അവധി നൽകരുതെന്നു ഹൈക്കോടതി പലതവണ നിർദേശിച്ചിട്ടും സർക്കാർ സർവീസ് ചട്ടം ഭേദഗതി ചെയ്യാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യം സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.