മദ്യപാനത്തിനിടയിൽ യുവതി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. തെക്ക് – കിഴക്കൻ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലാണ് സംഭവം. യുവതിയുടെ കുടുംബത്തിന് 7 ലക്ഷം രൂപ (60,000 യുവാൻ) നഷ്ടപരിഹാരമായി നൽകണമെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് ജിയാങ്സി പ്രവിശ്യയിലെ നാൻചാങ്ങിലെ കോടതി ഉത്തരവിട്ടത്.
അമിതമായി മദ്യപിക്കുന്നതിൽ നിന്ന് സുഹൃത്തിനെ തടയാനും യുവതിയുടെ ജീവൻ രക്ഷിക്കാനും ശ്രമിച്ചില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സിയാവോക്യുവും സുഹൃത്തുക്കളായ സുവും ചെനും ഒന്നിച്ച് സുഹൃത്തായ വാങ് ക്വിയുടെ വീട്ടിൽ പോയതായിരുന്നു. സിയാവോക്യുവിന്റെ പ്രണയ ബന്ധം തകർന്നതിനാൽ സമാധാനിപ്പിക്കാനാണ് ഇവർ ഒന്നിച്ച് കൂടിയത്. അമിതമായ ആൽക്കഹോൾ അടങ്ങിയ ചൈനീസ് ബൈജിയു മദ്യവും ഇവർ കുടിച്ചിരുന്നു. .
എന്നാൽ മറ്റ് രണ്ട് പേർ മദ്യപിച്ചതുമില്ല. പാർട്ടിക്ക് ശേഷം വിശ്രമിക്കാൻ സിയാവോക്യു ഷുവിനൊപ്പം തന്റെ കാറിലേക്ക് പോയി. ഷു കാറിലിരുന്നു ഉറങ്ങി പോയിരുന്നു. അടുത്ത ദിവസം പുലർച്ചെ അവൾ ഉണർന്നപ്പോൾ അനക്കമില്ലാതെ കിടക്കുന്ന സിയാവോക്യുവിനെയാണ് കണ്ടത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിയാവോക്യുവിന്റെ മരണം സംഭവിച്ചിരുന്നു. ആൽക്കഹോൾ വിഷബാധയെ തുടർന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം.
അന്നേ ദിവസം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് മകളുടെ മരണത്തിന് ഉത്തരവാദികൾ എന്നാരോപിച്ച് സിയാവോക്യുവിന്റെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. വലിയ അളവിൽ കുറഞ്ഞ സമയത്തിനുള്ളിൽ ആൽക്കഹോൾ കുടിക്കുന്നതിന്റെ ഫലമായാണ് വിഷബാധ ഉണ്ടായത്.