അഗളി: ഷോളയൂർ പഞ്ചായത്തിന്റെ ഒൗദ്യോഗിക വാഹനം ഒറ്റപ്പാലം കോടതി ജപ്തി ചെയ്തു. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ടു കുടിവെള്ളവിതരണ അനുബന്ധ വസ്തുക്കൾ വാങ്ങിയവകയിൽ കടയുടമയ്ക്കു നൽകാനുള്ള പണം ലഭിക്കാത്തതിനാൽ ഇദ്ദേഹം പാലക്കാട് സബ് കോടതിയിൽ ഫയൽ ചെയ്ത കേസിലാണു പഞ്ചായത്തിനെതിരെ ജപ്തി നടപടിക്ക് വിധിയുണ്ടായത്.
കഴിഞ്ഞദിവസം വാഹനവുമായി കോടതിയിലെത്തിയ പഞ്ചായത്ത് സെക്രട്ടറി വാഹനം ജപ്തിചെയ്തതോടെ മടക്കയാത്രയ്ക്കു മറ്റു വഴികൾ തേടി. പ്രസ്തുത കേസിൽ ഷോളയൂർ പഞ്ചായത്ത് മൂന്നാം കക്ഷിയാണെന്നു പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
പന്ത്രണ്ടുകൊല്ലം മുന്‍പാണു ഷോളയൂർ പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പാക്കിയത്. പദ്ധതി പൂർത്തീകരണം നടത്തിയശേഷം തെരഞ്ഞെടുത്ത ഗുണഭോക്തൃ സംഘത്തിനു പഞ്ചായത്ത് ചുമതലകൾ കൈമാറി. തുടർന്നുള്ള അറ്റകുറ്റപ്പണികൾ ഗുണഭോക്തൃസംഘമാണ് ഏറ്റെടുത്തു നടത്തേണ്ടത്. 2010 ൽ അറ്റകുറ്റപ്പണികൾക്കായി കോയന്പത്തൂരുള്ള സ്ഥാപനത്തിൽനിന്നും 2,40,000 രൂപയ്ക്കുള്ള സാമഗ്രികൾ ഗുണഭോക്തൃ സംഘം വാങ്ങിയതായി പഞ്ചായത്ത് അധികൃതർ പറയുന്നു. ജലനിധി കണ്‍വീനർ ഒന്നാംകക്ഷിയും വിതരണ ഏജന്റ് രണ്ടാംകക്ഷിയും പഞ്ചായത്ത് മൂന്നാം കക്ഷിയുമായാണു സാമഗ്രികളെടുത്തത്. കടയുടമയ്ക്കു പണം നൽകാതിരുന്നതിനാൽ ഇവർക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ഒന്നും രണ്ടും കക്ഷികൾ കോടതിയിൽ ഹാജരായി കേസിൽ നി ന്നും ഒഴിവായി. നോട്ടീസുകൾ ലഭിച്ചെങ്കിലും പഞ്ചായത്ത് അധികൃതർ ഹാജരായില്ല. ഇതേ തുടർന്നു 2015ൽ തുക പിടിച്ചെടുക്കാൻ വിധിയുണ്ടാവുകയായിരുന്നു.
4,37,000 രൂപയ്ക്കാണ് വിധിയുണ്ടായതെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. തികയാത്ത തുകക്കായി പഞ്ചായത്തിലെ ജംഗമവസ്തുക്കൾകൂടി ജപ്തിചെയ്താൽ അധികൃതർ നിലത്തിരിക്കേണ്ട അവസ്ഥയാകും സംജാതമാകുക. വിധിക്കെതിരെ ഹൈക്കോടതിയിൽ പോകാനിരിക്കു കയാണ് പഞ്ചായത്തധികൃതർ.