മഞ്ചേരി: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് കുറ്റക്കാരനെന്നു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ.വി നാരായണൻ ഈ മാസം 27ന് വിധിക്കും.
മേലാറ്റൂർ പൂല്ലിക്കുന്ന് പുല്ലഞ്ചേരി സന്തോഷ് (41) ആണ് പ്രതി. സന്തോഷിന്റെ ഭാര്യ അന്പിളി (30) യാണ് മരിച്ചത്. 2001 ജനുവരി 29നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ മതിയായതല്ലെന്നു പറഞ്ഞു അന്പിളിയെ സന്തോഷ് മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചിരുന്നു.
മദ്യപിച്ചെത്തിയ സന്തോഷ് അന്പിളിയുടെ മാല ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധം മൂലം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള മാനോവിഷമം മൂലം 2013 ഒക്ടോബർ ഏഴിനു പകൽ അന്പിളി വീടിനകത്ത് സാരി ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ സ്കൂളിൽ പോയ മക്കൾ വൈകീട്ട് 4.30ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
കേസിലെ 25 സാക്ഷികളിൽ പത്തു പേരെ ജില്ലാ പബ്ലിക് പ്രസിക്യൂട്ടർ സി. വാസു കോടതി മുന്പാകെ വിസ്തരിച്ചു. 16 രേഖകളും ഏഴ് തൊണ്ടി മുതലുകളും ഹാജരാക്കി.