ജോലിയ്ക്കിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ കോടതിയുടേതാണ് വിധി.
കുക്ക് ടൗണിനടുത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ & ആര്‍ കോളിന്‍സ് ഫാം എന്ന തോട്ടത്തിലെ തൊഴിലാളിയായ ജെയിം ലോംഗ്ബോട്ടംഖ എന്നയാള്‍ക്കാണ് കോടതി നാല് കോടി നഷ്ടപരിഹാരം വിധിച്ചത്.
തോട്ടത്തിലെ കുലകള്‍ വെട്ടിമാറ്റുന്നതിനിടെ മുന്നില്‍ കുലച്ച് നിന്ന ഒരു വലിയ വാഴ തൊഴിലാളിയുടെ മേല്‍ വിഴുകയായിരുന്നു. 2016 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍ ജെയിമിന് ഗുരുതരമായി പരിക്കേറ്റു.
തുടര്‍ന്ന് കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്നും, അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നും, നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി തന്റെ ഉടമയ്ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു.
70 കിലോഗ്രാം തൂക്കമുള്ള വാഴക്കുലയാണ് തൊഴിലാളിയുടെ ദേഹത്ത് വീണത്. കമ്പനി ശരിയായ പരിശീലനം നല്‍കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു ഇയാളുടെ വാദം.
തുടര്‍ന്ന് ജെയിമിന് നഷ്ടപരിഹാരമായി കമ്പനി നാല് കോടി നല്‍കണമെന്ന് ജഡ്ജി കാതറിന്‍ ഹോംസ് വിധി പറയുകയായിരുന്നു.