വിവാഹം നടത്തിയത് കള്ളം പറഞ്ഞ്;ജോര്‍ജിന്റെ അമ്മയും സഹോദരങ്ങളും ഷീലയെ വഞ്ചിക്കാന്‍ കൂട്ടുനിന്നു; ചാവക്കാട്കാരിയായ നഴ്‌സിന് കോടതി രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിച്ചത് ഇക്കാരണത്താല്‍

ചാവക്കാട്: കേരളത്തിലെ ഗാര്‍ഹിക പീഡനക്കേസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ചാവക്കാട് സ്വദേശിയായ നഴ്‌സിന് കോടതി വിധിച്ചത്. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ഭര്‍ത്താവ് നല്‍കേണ്ടത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത നഴ്സ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് അനുകൂല വിധിയുണ്ടായത്. ഗാര്‍ഹിക പീഡനത്തിന് പുറമേ തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിരുന്നത്.

ചാവക്കാട് വെങ്കിടങ്ങ് പാടൂര്‍ പുത്തല്ലത്ത് സുപാലിതന്റെ മകള്‍ ഷീലയും പ്രായപൂര്‍ത്തിയാകാത്ത മകളും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാവക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിധി പുറപ്പെടുവിച്ചത്. കോട്ടയം, കുറുവിലങ്ങാട് കല്ലകത്ത് ജോര്‍ജ് 1995-ല്‍ ആണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോര്‍ജ്ജ് ഇക്കാര്യം മറച്ചുവച്ചാണ് ഷീലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു.

ആദ്യം വിയന്നയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ജോലി ചെയ്യുന്നത്. വിയന്നയില്‍ ജോലി ചെയ്യുമ്പോഴാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ഷീലയെ വിവാഹം ചെയ്യുന്നത്. ഇതിനു ശേഷം ഷീലയെ രാജിവെപ്പിച്ച് വിയന്നയിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ജോലി രാജിവെച്ച് ഭര്‍ത്താവിനൊപ്പം പോയ ഷീലയ്ക്ക് അവിടെ ജോലിയും ലഭിച്ചു. എന്നാല്‍, പിന്നീടങ്ങോട്ട് ഇവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ വളര്‍ന്നു വന്നു.

ഭാര്യയെ ജോലിക്ക് വിട്ട് ഭര്‍ത്താവ് പണം തട്ടിയെടുക്കുന്നത് പതിവായി മാറി. ശമ്പളമായും മറ്റും ഷീലക്ക് ലഭിച്ചിരുന്ന തുക മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തി. വിദേശത്തുള്ള സമ്പാദ്യം മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തിയെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിക്കുന്നത്. ജോര്‍ജിന്റെ സഹോദരങ്ങളും അമ്മയും ഇതിനു കൂട്ടുനില്‍ക്കുകയും മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്‌തെന്നും ഷീല കോടതിയില്‍ ബോധിപ്പിച്ചു.

സമ്പാദ്യമൊന്നുമില്ലാത്ത തന്നെയും മകളെയും 2003 ഓഗസ്റ്റില്‍ നാട്ടില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചു. മറ്റൊരിക്കലും വിദേശത്തു പോകാന്‍ സാധിക്കാത്ത വിധത്തില്‍ പാസ്പോര്‍ട്ടും വിസയും അടക്കമുള്ള രേഖകളുമായി ജോര്‍ജ്ജ് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് കടന്നു കളയുകയായിരുന്നു.

ഇത് വഴി തനിക്ക് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.ജോര്‍ജിന്റെ ബന്ധുക്കള്‍ ഷീലയെയും മകളെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. വരുമാനനഷ്ടം, നഷ്ടപരിഹാരം, പ്രതിമാസച്ചെലവ് എന്നീ ഇനങ്ങളിലായാണ് പലിശസഹിതം ഷീലയ്ക്കും മകള്‍ക്കും രണ്ടുകോടി രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

 

 

Related posts