തയ്യല്‍ക്കടയില്‍ യൂണിഫോമിന് അളവെടുക്കാനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച തയ്യല്ക്കാരന് ശിക്ഷ വിധിച്ച് കോടതി.
പ്രതിക്ക് 17 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ഏഴു വര്‍ഷം മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
തളിക്കുളം കാളിദാസാനഗര് കറുപ്പന് വീട്ടില്‍ രാജനെയാണ്(51) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.
2015ലായിരുന്നു കേസിനാസ്പദമായ സംഭവം.സ്കൂള്‍ യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കുന്നതിനായി വീട്ടില്‍ വന്ന ബാലികയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് വാടാനപ്പിള്ളി പോലീസില്‍ പോക്സോ കേസ് പ്രകാരമുള്ള പരാതി നല്‍കിയത്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന ഡി ശ്രീജിത്താണ് തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍(പോക്സോ) കെ എസ് ബിനോയി ഹാജരായി.കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും,തൊണ്ടിമുതലുകളും ഹാജരാക്കുകയും,ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.