അത്തരം അന്വേഷണം വേണ്ട..! രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാമെന്ന് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.

പരാതിയിൽ പറഞ്ഞ ഏഴ് കേസുകളിൽ അഞ്ചിലും കുറ്റപത്രം സമർപ്പിച്ചു. അന്വേഷണത്തെ സംബന്ധിച്ച് പരാതിയുമായി ആരും സമീപിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണത്തിനുള്ള ഹർജി രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം സംബന്ധിച്ച് സർക്കാർ ഇന്ന് സത്യവാങ്മൂലം മറുപടി നൽകാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു.

Related posts