കൊച്ചി: ശമ്പളം ലഭിക്കണമെങ്കിൽ ജീവനക്കാർക്കു സ്ഥാപനത്തിന്റെ ഔദ്യോഗിക ബാങ്കിൽ അക്കൗണ്ട് വേണമെന്നു നിഷ്കർഷിക്കാനാവില്ലെന്നു ഹൈക്കോടതി. ശമ്പളത്തിനായി ഐഡിബിഐ ബാങ്കിന്റെ ശാഖയിൽ അക്കൗണ്ട് തുടങ്ങണമെന്ന മലബാർ കാൻസർ സെന്ററിന്റെ (എംസിസി) നിർദേശത്തിനെതിരേ ടി.എം. ദിനേശ് കുമാർ ഉൾപ്പെടെ എട്ടു ജീവനക്കാർ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ച് ഉത്തരവ്.
ഏതെങ്കിലുമൊരു പ്രത്യേകബാങ്കിൽ അക്കൗണ്ട് തുടങ്ങണമെന്നു ജീവനക്കാരോടു നിർദേശിക്കാൻ എംസിസിക്കു കഴിയില്ലെന്നു സിംഗിൾബെഞ്ച് വ്യക്തമാക്കി. ശമ്പളം തങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിലേക്കു മാറ്റണമെന്ന് ഐഡിബിഐയ്ക്ക് ഒരു നിർദേശം ഹർജിക്കാർ നൽകിയാൽ തീരാവുന്ന പ്രശ്നം മാത്രമാണിത്- ഹൈക്കോടതി നിരീക്ഷിച്ചു.
മലബാർ കാൻസർ സെന്റർ അധികൃതർക്കു തന്നെ പരിഹരിക്കാമായിരുന്ന ഈ വിഷയത്തിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം തടഞ്ഞതു ശരിയായില്ലെന്നും ജീവനക്കാരുടെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു.