തലശേരി: ഒന്നരമാസം കൊണ്ട് 50 കേസുകൾ തീർപ്പാക്കണമെന്ന് രാജ്യത്തെ സെഷൻസ് കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ജൂലൈ ഒന്നു മുതൽ 45 ദിവസത്തിനകം ഒരോ കോടതികളും 50 കേസുകൾ വീതം തീർപ്പു കൽപ്പിക്കാനാണു നിർദേശം വന്നിട്ടുള്ളത്.
പ്രിൻസിപ്പൽ സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതികൾ, പോക്സോ കോടതികൾ ഉൾപ്പെടെ കേസുകൾ തീർപ്പാക്കാനുള്ള ഊർജിത ശ്രമത്തിലാണ്.
കൊലപാതകം, ബലാത്സംഗം, വധശ്രമം, സ്ത്രീപീഡന മരണം, പൊതുമുതൽ നശിപ്പിക്കൽ, പട്ടികവർഗ-പട്ടികവിഭാഗ കേസുകൾ എന്നിവയാണ് സെഷൻസ് കോടതികളുടെ പരിഗണനയിൽ എത്തുക. ഇത്തരം കേസുകളാണ് യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ ശ്രമം നടക്കുന്നത്.
ദൃക്സാക്ഷികളും ഫോറൻസിക് ഉദ്യോഗസ്ഥരും ഡോക്ടർമാരും വിവിധ മേഖലകളിലെ വിദഗ്ധരും ഉൾപ്പെടെ 25 മുതൽ 150 സാക്ഷികൾ വരെയുള്ള സെഷൻസ് കേസുകൾ ടാർഗറ്റ് വച്ച് തീർക്കാനുള്ള സുപ്രീം കോടതിയുടെ നിർദേശം നിയമ രംഗത്ത് സജീവ ചർച്ചയായിരിക്കുകയാണ്.
ജൂഡീഷൽ ഓഫീസർമാർ സുപ്രീം കോടതിയുടെ പുതിയ നിർദേശം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുറ്റാരോപിതരായ വിചാരണ തടവുകാർ വർഷങ്ങളോളം റിമാൻഡിൽ കഴിയുന്ന സാഹചര്യം നിലവിലുണ്ട്.ആരോപിക്കപ്പെട്ട കുറ്റത്തിനു ലഭിക്കുന്ന ശിക്ഷയേക്കാൾ കൂടുതൽ കാലം റിമാൻഡ് തടവുകാരനായി കഴിയേണ്ട സാഹചര്യവും നിലവിലുള്ളതായി നിയമ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ കേസുകൾ എളുപ്പം തീർപ്പാക്കുന്നത് നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വർധിപ്പിക്കുമെന്നും നിയമ വിദഗ്ധർ പറയുന്നു.തലശേരിയിൽ സെഷൻസ് കേസുകൾ പരിഗണിക്കുന്ന ആറ് കോടതികളാണുള്ളത്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ വിചാരണയ്ക്ക് വരുന്ന കോടതികളും തലശേരിയിലാണ്.
150 കൊലക്കേസുകളാണ് തലശേരി സെഷൻസ് കോടതികളുടെ പരിഗണനയിലുള്ളത്. കേസുകൾ തീർപ്പാക്കാനുള്ള പുതിയ നിർദേശം വന്നതോടെ അഭിഭാഷകരും നെട്ടോട്ടത്തിലാണ്. ഒന്നരമാസം കൊണ്ട് 50 കേസുകൾ തീർക്കണമെന്ന നിർദേശം പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളതായി അഭിഭാഷകർ പറയുന്നു.
പ്രായോഗികമല്ലെന്ന് ലോയേഴ്സ് യൂണിയൻ
തലശേരി: കോടതികൾക്ക് കേസുകൾ തീർക്കാൻ ടാർഗറ്റ് നൽകുന്നത് പ്രായോഗികമല്ലെന്ന് ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി പ്രമോദ് രാഷ്ട്രദീപികയോട് പറഞ്ഞു.കേസുകളുടെ ദ്രുതഗതിയിലുള്ള തീർപ്പ് കൽപ്പിക്കൽ വിധിയുടെ ഗുണം കുറയ്ക്കും. ഓരോ കേസും ഓരോ രീതിയിലാണ്.
രണ്ടു ഭാഗത്തെയും കേട്ട് മൊഴികൾ രേഖപ്പെടുത്തി തെളിവുകളും രേഖകളും പരിശോധിച്ച് വേണം ഓരോ കേസുകളിലും തീർപ്പ് കൽപ്പിക്കാൻ. അതു കൊണ്ടുതന്നെ കേസുകൾ തീർപ്പ് കൽപ്പിക്കാൻ ടാർഗറ്റ് നൽകുന്നത് ജുഡീഷൽ ഉദ്യോഗസ്ഥരിൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കും.
ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുതൽ ചീഫ് ജസ്റ്റിസ് വരെയുള്ള ന്യായാധിപന്മാരുടെ കണക്കുപ്രകാരം ഇന്ത്യയിൽ 20 ലക്ഷം ജനങ്ങൾക്ക് ഒരു ന്യായാധിപനാണുള്ളത്.ഈ സ്ഥിതി മാറണം. നിലവിലുള്ള കോടതികളുടെ എണ്ണം വർധിപ്പിച്ച് കേസുകൾ വേഗത്തിൽ തീർപ്പു കൽപ്പിക്കുകയാണ് വേണ്ടത്. കോടതികൾക്ക് ടാർഗറ്റ് നൽകിയത് അഭിഭാഷകർക്കും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പ്രശ്നം ചർച്ച ചെയ്യാൻ 21ന് ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാതലത്തിൽ യോഗം ചേരുമെന്നും പ്രമോദ് വ്യക്തമാക്കി.
നവാസ് മേത്തർ