ഫ്രാങ്കോ ലൂയിസ്
തൃശൂർ: സർക്കാർ വകുപ്പു മേധാവികൾ തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാനത്തെ ഉപഭോക്തൃ കോടതികൾ അടച്ചുപൂട്ടി. ആറുമാസമായി പൂട്ടിക്കിടക്കുന്ന കോടതികളിൽ ഉപഭോക്തൃ തർക്ക പരാതികൾ കുമിഞ്ഞുകൂടുന്നു. സംസ്ഥാനത്തെ ഒന്പതു കോടതികളുടെ പ്രവർത്തനമാണ് തടസപ്പെട്ടിരിക്കുന്നത്. പ്രസിഡന്റില്ലാത്തതിനാൽ നാലു കോടതികളുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്.
കാസർഗോഡ്, വയനാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതികളിലാണു പ്രസിഡന്റുമാർ ഇല്ലാത്തത്. തൃശൂർ, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ മെന്പർമാരെ നിയമിക്കാത്തതിനാലാണ് കോടതികളുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുന്നത്. പ്രസിഡന്റും രണ്ടു മെന്പർമാരും അടങ്ങുന്നതാണ് ജില്ലാ ഉപഭോക്്തൃ കോടതി. രണ്ടുപേർ ഇല്ലാതെ വിധി പ്രസ്താവിക്കാനാവില്ലെന്നാണു വ്യവസ്ഥ.
ഓരോ കോടതിയിലും മൂവായിരം മുതൽ ആറായിരം വരെ കേസുകളാണ് കെട്ടിക്കിടക്കുന്നത്. കേസ് ആറു മാസത്തിനകം തീർപ്പാക്കണമെന്നാണ് ഉപഭോക്തൃ നിയമം അനുശാസിക്കുന്നത്. എന്നാൽ ആറുമാസമായി കോടതികൾ പ്രവർത്തിക്കുന്നേയില്ല.
ഉപഭോക്തൃ ഫോറങ്ങളിൽ ജഡ്ജിമാരുടെ സ്ഥാനമുള്ള പ്രസിഡന്റുമാരേയും മെന്പർമാരേയും നിയമിക്കുന്നതു മൂന്നംഗ സമിതിയാണ്. ഭക്ഷ്യവകുപ്പ്, നിയമവകുപ്പ് എന്നിവയുടെ സെക്രട്ടറിമാർ, സംസ്ഥാന ഉപഭോക്തൃ കോടതി പ്രസിഡന്റ് എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. മാസങ്ങൾക്കുമുന്പ് സമിതി യോഗം ചേർന്നെങ്കിലും തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.
സിവിൽ സപ്ലൈസ് വകുപ്പ് സിപിഐയുടെ നിയന്ത്രണത്തിലാണ്. സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് നിയമവകുപ്പ്. ഇരു വകുപ്പുകളുടേയും സെക്രട്ടറിമാർക്കു നിയമന നിർദേശങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല.
ഒഴിവുകളിൽ നിയമനം നടത്തി ഉപഭോക്്തൃ കോടതികളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ രണ്ടു കേസുകൾ നിലവിലുണ്ട്.