പാലക്കാട്: കണ്ണാടി വില്ലേജിലെ കടക്കുറുശിയിൽ വൃദ്ധദന്പതികളുടെ വീട്ടിൽ അതിക്രമിച്ചുക്കയറി ആക്രമണം നടത്തിയ കേസിൽ പ്രതികൾക്ക് മൂന്നുവർഷം കഠിനതടവും 5000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കണ്ണനൂർ അന്പാട്ട് വീട്ടിലെ ജയൻ, മാത്തൂർ തച്ചങ്കാട് ആങ്കിരങ്കാട് വീട്ടിലെ അനീഷ് (അനു), കണ്ണാടി ചാത്തൻകുളങ്ങരപറന്പ് രമേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.
2013 ജൂണിലാണ് കേസിനാസ്പദമായ സംഭവം. രാജു നിവാസിൽ കേശവൻ, ഭാര്യയായ ലീല എന്നിവരുടെ വീട്ടിൽ അതിക്രമിച്ചു കയറി. ലീലയുടെ കഴുത്തിലെ ഏഴരപവന്റെ രണ്ടുമാലകൾ ബലമായി പൊട്ടിച്ചെടുക്കുകയും തടയാൻ ചെന്ന കേശവനെ പ്ലാസ്റ്റിക് കസേര കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു.
കേശവന്റെ അയൽവാസിയും മൂന്നാംപ്രതിയുമായ രമേശിന്റെ ഓട്ടോറിക്ഷയിലാണ് പ്രതികൾ സംഭവ സ്ഥലത്തെത്തിയത്. ഒന്നാംപ്രതി ജയൻ, രണ്ടാം പ്രതി അനീഷ് എന്നിവരാണ് വീട്ടിൽ കയറി കൃത്യം നടത്തിയത്. രമേഷ് ഈ സമയം ഓട്ടോറിക്ഷയിൽ പുറത്ത് കാത്തുനില്ക്കുകയും സംഭവശേഷം ഉടൻതന്നെ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.
പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സീനയാണ് ശിക്ഷവിധിച്ചത്. ടൗണ്‍ സൗത്ത് പോലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ഇ.ലത ഹാജരായി.