തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകന് ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും.
വിതുര ചേന്നൻപാറ പന്നിയോട്ടുമൂല വസന്ത വിലാസം വീട്ടിൽ സുന്ദരനെ(60) കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുന്ദരന്റെ മകളുടെ ഭർത്താവും പനവൂർ ചുള്ളിമാനൂർ മൊട്ടക്കാവ് കടുവാച്ചിറ പാറയംവിളാകത്ത് വിനോദ് (രാകേഷ്-35) നെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. അജിത്കുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി കഠിനതടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനു പുറമേ അപകടകരമായ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിന് ഒരു വർഷം കഠിനതടവും അസഭ്യവാക്കുകൾ ഉപയോഗിച്ചതിന് ഒരു മാസം സാധാരണ തടവും കൂടി പ്രതി അനുഭവിക്കണം.
കേസിലെ ഒന്നും രണ്ടും സാക്ഷികളായ കൊല്ലപ്പെട്ട സുന്ദരത്തിന്റെ ഭാര്യ വസന്ത, മകൾ പ്രിയ എന്നിവർക്ക് ലീഗൽ സർവീസ് അഥോറിറ്റി മുഖേന നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.2017 നവംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ പ്രതി ആഹാരം വിളന്പാൻ താമസിച്ചെന്നു പറഞ്ഞു മകൾ പ്രിയയെ ചീത്ത വിളിച്ച് ദേഹോപദ്രവം ഏൽപിച്ചത് തടയാൻ ശ്രമിച്ച പിതാവ് സുന്ദരനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2017 മുതൽ ജുഡീഷൽ കസ്റ്റഡിയിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്.