തൊടുപുഴ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.
പെരുവന്താനം ആനചാരി ഭാഗത്ത് കൊട്ടാരത്തിൽ ദേവസ്യ എന്നുവിളിക്കുന്ന അപ്പച്ചനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷംകൂടി കഠിന തടവ് അനുഭവിക്കണം.
2015 മേയ് 26ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യയായിരുന്ന മേരി(65)യെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പതിവായി മദ്യപിച്ചെത്തുന്ന ദേവസ്യ പലപ്പോഴും കൊല്ലുമെന്ന് പറഞ്ഞ് ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഇയാളുടെ ഭീഷണിയെത്തുടർന്ന് മകനും കടുംബവും തൊടുപുഴയ്ക്ക് താമസം മാറ്റിയിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയശേഷം പ്രതി തന്റെ മകനോട് ഫോണിലും അയൽവാസിയുടെ വീട്ടിൽ ചെന്നും വിവരമറിയിച്ചു. അയൽവാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മേരിയെ മരിച്ച നിലയിൽ കണ്ടത്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മക്കളുടെയും അയൽവാസിയുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പെരുവന്താനം എസ്ഐ ആയിരുന്ന ടി.ഡി. സുനിൽകുമാർ, പീരുമേട് സിഐ പി.വി. മനോജ്കുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.